| Saturday, 1st July 2023, 8:11 am

മുന്‍ ചാമ്പ്യന്‍മാരെ അട്ടിമറിക്കാന്‍ ഈ കരുത്ത് പോര ടീമേ... തോറ്റിടത്ത് നിന്നും ജയിച്ചുകയറി ശ്രീലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറിന്റെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് സിംഹളര്‍ ഹോളണ്ടിനെ തകര്‍ത്തുവിട്ടത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴയ്ക്കുകായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ പാതും നിസങ്കയെ നഷ്ടമായ ലങ്കക്ക് ടീം സ്‌കോര്‍ 22ല്‍ നില്‍ക്കവെ കുശാല്‍ മെന്‍ഡിസിനെയും നഷ്ടമായി. കരുണരത്‌നെയുടെ ചെറുത്ത് നില്‍പാണ് ആദ്യ ഓവറുകള്‍ ലങ്കക്ക് തുണയായത്.

പിന്നാലെയെത്തിയ സധീര സമരവിക്രമ ഒറ്റ റണ്‍സിനും ചരിത് അസലങ്ക രണ്ട് റണ്‍സിനും ക്യാപ്റ്റന്‍ ദാസുന്‍ ഷണക അഞ്ച് റണ്‍സിനും പുറത്തായപ്പോള്‍ മരതകദ്വീപിലെ സിംഹങ്ങള്‍ അപകടം മണത്തു. ഷണക തിരികെ പവലിയനിലേക്ക് നടക്കുമ്പോള്‍ 25.1 ഓവറില്‍ 96 റണ്‍സിന് ആറ് എന്ന നിലയിലായിരുന്നു ശ്രീലങ്ക.

എന്നാല്‍ ആറാമനായി ഇറങ്ങിയ ധനഞ്ജയ ഡി സില്‍വ എന്ന അതികായന്റെ ചെറുത്ത് നില്‍പിനായിരുന്നു ക്യൂന്‍സ് ക്രിക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്. ലോവര്‍ ഓര്‍ഡറില്‍ വാനിന്ദു ഹസരങ്കയെയും മഹീഷ് തീക്ഷണയെയും കൂട്ടുപിടിച്ച് ഡി സില്‍വ സ്‌കോര്‍ പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 131ല്‍ നില്‍ക്കവെ 21 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ഹസരങ്കയെ നഷ്ടമായെങ്കിലും തീക്ഷണയെ ഒരു വശത്ത് നിര്‍ത്തി ഡി സില്‍വ റണ്‍സ് നേടിക്കൊണ്ടിരുന്നു. ഒടുവില്‍ 208 റണ്‍സില്‍ 47 പന്തില്‍ നിന്നും 28 റണ്‍സ് നേടിയ തീക്ഷണയും പുറത്തായി.

തീക്ഷണ പുറത്തായി കൃത്യം രണ്ടാം പന്തില്‍ ഡി സില്‍വയെയും നെതര്‍ലന്‍ഡ്‌സ് മടത്തി. സെഞ്ച്വറിക്ക് ഏഴ് അകലെ താരം ഇന്നിങ്‌സ് അവസാനിപ്പിച്ച് പടിയിറങ്ങി. 111 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 93 റണ്‍സാണ് ഡി സില്‍വ നേടിയത്. ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ടീമിനെ ഒറ്റക്ക് തോളിലേറ്റി പടുത്തുയര്‍ത്തിയ ആ ഇന്നിങ്‌സിന് ഡബിള്‍ സെഞ്ച്വറിയേക്കാള്‍ പ്രാധാന്യം ലങ്കന്‍ ആരാധകര്‍ നല്‍കുമെന്നുറപ്പാണ്.

ഒടുവില്‍ 14 പന്ത് ബാക്കി നില്‍ക്കെ ശ്രീലങ്ക 213 റണ്‍സിന് ഓള്‍ ഔട്ടായി.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്കും ബാസ് ഡി ലീഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാഖിബ് സുല്‍ഫിഖര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. റിയാന്‍ ക്ലെയ്ന്‍, ആര്യന്‍ ദത്ത് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 374 റണ്‍സിനടുത്ത് ചെയ്‌സ് ചെയ്ത് എത്തുകയും സൂപ്പര്‍ ഓവറില്‍ 30 റണ്‍സടിക്കുകയും ചെയ്ത നെതര്‍ലന്‍ഡ്‌സിനെ സംബന്ധിച്ച് 214 ഒരു ലക്ഷ്യമേയല്ല എന്ന കരുതിയിവര്‍ക്ക് മുമ്പില്‍ ആ സ്‌കോര്‍ എങ്ങനെ ഡിഫന്‍ഡ് ചെയ്യണമെന്ന് അര്‍ജുന്‍ രണതുംഗയുടെ പിന്‍മുറക്കാര്‍ കാണിച്ചുകൊടുക്കുകയായിരുന്നു.

ഹോലണ്ട് നിരയില്‍ മൂന്ന് പേരൊഴികെ ഒരാളെപ്പോലും രണ്ടക്കം തികയ്ക്കാന്‍ ശ്രീലങ്ക സമ്മതിച്ചില്ല. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സും (68 പന്തില്‍ 67) വെസ്‌ലി ബെരാസ്സിയും (50 പന്തില്‍ 52) അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ ബാസ് ഡി ലീഡ് 53 പന്തില്‍ നിന്നും 41 റണ്‍സെടുത്ത് പിടിച്ചുനിന്നു. മറ്റുള്ളവരെ നിലയുറപ്പിക്കും മുമ്പ് തന്നെ ലങ്കന്‍ ബൗളേഴ്‌സ് മടക്കിയിരുന്നു.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ ജേസന്‍ ഹോള്‍ഡറിനെ ‘വീക്കിയ’ വാന്‍ ബീക്കിനെയും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച തേജ നിതമാനുരുവിനെയും പൂജ്യത്തിനാണ് ലങ്ക പുറത്താക്കിയത്.

ഒടുവില്‍ 40 ഓവറില്‍ നെതര്‍ലന്‍ഡ്‌സ് 192 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ ശ്രീലങ്ക 21 റണ്‍സിന്റെ വിജയം ആഘോഷിച്ചു.

ലങ്കക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹസരങ്ക രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ട് പേര്‍ റണ്‍ ഔട്ടായപ്പോള്‍ ലാഹിരു കുമാര, ദിഷന്‍ മധുശങ്ക, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവര്‍ ശേഷിക്കുന്ന താരങ്ങളെയും മടക്കി.

ഞായറാഴ്ച സിംബാബ്‌വേക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ടൂര്‍ണമെന്റിലിതുവരെ തോല്‍വിയറിയാത്ത രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്യൂന്‍സ് ഗ്രൗണ്ടില്‍ തീ പാറുമെന്നുറപ്പാണ്.

Content highlight: Sri Lanka beats Netherlands

We use cookies to give you the best possible experience. Learn more