| Sunday, 23rd October 2022, 1:53 pm

അയര്‍ലന്‍ഡിനെ പറത്തിയടിച്ച് ലങ്ക; അര്‍ധ സെഞ്ച്വറി നേടി മത്സരം കുശാലാക്കി ലങ്കന്‍ സൂപ്പര്‍ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓള്‍റൗണ്ട് മികവുമായി ശ്രീലങ്ക. അയര്‍ലാന്‍ഡിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ വിജയം.

129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 15 ഓവറില്‍ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

ലങ്കയുടെ കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. താരം 43 പന്തില്‍ 68 റണ്‍സെടുത്ത് മുന്നിട്ട് നിന്നു.

അതേസമയം ചരിത് അസലങ്ക 22 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ധനഞ്ജയ ഡിസില്‍വ 25 പന്തില്‍ നിന്ന 31 റണ്‍സും നേടി.

ആദ്യം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 128/8 റണ്‍സാണ് ആകെ നേടാനായത്. മറുപടി ബാറ്റിങില്‍ മികച്ച തുടക്കമാണ് കുശാല്‍ മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും നല്‍കിയത്.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിയുന്നത് ഒമ്പതാം ഓവറിലെ രണ്ടാം പന്തിലായിരുന്നു.

25 പന്തില്‍ 31 റണ്‍സെടുത്ത ധനഞ്ജയയെ ഡിലേനി പുറത്താക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ശ്രീലങ്ക ജയത്തിനരികിലെത്തി.

സിമി സിങ്ങിന്റെ 15ാം ഓവറിലെ അവസാന പന്തില്‍ സിക്സറോടു കൂടി കുശാല്‍ മത്സരം ഫിനിഷ് ചെയ്തു. രണ്ടാം തവണയാണ് കുശാല്‍ അര്‍ധ സെഞ്ച്വറി നേടുന്നത്.

അതേസമയം 42 പന്തില്‍ 45 റണ്‍സെടുത്ത ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്  25 പന്തില്‍ 34 റണ്‍സ് നേടി.

ജോര്‍ജ് ഡോക്റെല്ലും ലോകന്‍ ടക്കറും മാത്രമാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

മഹീഷ് തീക്ഷ്ണയും വനിന്ദു ഹസരങ്കയും രണ്ട് വീതം പേരെ പുറത്താക്കിയപ്പോള്‍ ബിനിരു ഫെര്‍ണാണ്ടോയും ലഹിരും കുമാരയും ചാമിക കരുണരത്നെയും ധനഞ്ജയ ഡിസില്‍വയും ഓരോ വിക്കറ്റ് നേടി.

19ാം ഓവറിലെ ആദ്യ പന്തില്‍ ഗാരെത് ഡിലേനിയെയും നാലാം ബോളില്‍ മാര്‍ക്ക് അഡൈറിനേയും വനിന്ദു ഹസരങ്ക പുറത്താക്കുകയായിരുന്നു.

Content Highlights:  Sri Lanka beat Ireland; Wins by nine wickets; The Lankan super batsman scored half-century to seal the match

We use cookies to give you the best possible experience. Learn more