ശ്രീലങ്ക-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് പരമ്പര നഷടമായ ലങ്ക ആശ്വാസ വിജയം തേടിയായിരുന്നു മൂന്നാം മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ ദാസുന്‍ ഷനകയായിരുന്നു ശ്രീലങ്കയുടെ ഹീറോ. വെറും 25 പന്തില്‍ 54 റണ്‍സ് നേടിയാണ് താരം ലങ്കയെ ജയത്തിലേക്ക് നയിച്ചത്.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ ഒരു ഘട്ടത്തില്‍ 108/6 എന്ന നിലയിലായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഷനകയും ചാമിക കരുണരത്നെയും ചേര്‍ന്ന് നേടിയ 69 റണ്‍സിന്റെ കൂട്ടുകെട്ട് ശ്രീലങ്കന്‍ ടീമിനെ അവിശ്വസനീയമായ വിജയത്തിലെത്തിച്ചു. അവസാന 18 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്ന ലങ്ക ഒരു പന്ത് ശേഷിക്കെ വിജയത്തിലേക്ക് നീങ്ങി.
അവസാന മൂന്ന് ഓവറുകളില്‍ 50 റണ്‍സിന് മുകളിലാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. ഇതോടെ അന്താരാഷ്ട്ര ടി-20 ചെയ്‌സില്‍ ഡെത്ത് ഓവറുകളില്‍ 50 റണ്‍സിന് മുകളില്‍ നേടുന്ന ആദ്യ താരമായി ഷനക മാറി. 54 റണ്‍സ് നേടിയ തന്റെ ഇന്നിങ്‌സില്‍ അഞ്ച് ഫോറുകളും നാല് സിക്‌സറുകളുമുണ്ടായിരുന്നു.
40 റണ്‍സിന് മുകളില്‍ വിട്ട് നല്‍കിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണും, ജൈ റിച്ചാര്‍ഡ്‌സണും ലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോഷ് ഹെയ്‌സല്‍വുഡ് അവസാന ഓവറില്‍ 19 റണ്‍സാണ് വിട്ടുനല്‍കിയത്.
ഹെയ്‌സല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരിക്കെ, ഒരു പന്ത് ബാക്കി നില്‍ക്കെ രണ്ട് ഫോറും ഒരു സിക്‌സും പറത്തി നായകന്‍ സ്‌കോര്‍ സമനിലയിലാക്കി. പിന്നീട് ഹെയ്‌സല്‍വുഡ് ഒരു വൈഡ് ബൗള്‍ ചെയ്ത് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, ഓപ്പണിംഗ് ജോഡികളായ ഡേവിഡ് വാര്‍ണറുടെയും ഫിഞ്ചിന്റെയും ഓപ്പണിങ് കൂട്ടുക്കെട്ടിന്റെയും സ്റ്റീവന് സ്മിത്, സ്റ്റോയിനിസ് എന്നിവരുടെ ഫിനിഷിങിന്റെ ബലത്തിലും ടീമിനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന നിലയില്‍ എത്തിച്ചു.
എന്നാല്‍ തിരിച്ചു ബാറ്റിങിനിറങ്ങിയ ശ്രീലങ്കന്‍ മുന്‍ നിര വലിയ പ്രതീക്ഷകളൊന്നും തരാതെയായിരുന്നു മുന്നോട്ടുനീങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ ഷനക തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നില്‍ ടീമിന്റെ ഹീറോയാകുകയായിരുന്നു.
തകര്‍ന്നു കിടക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് പുത്തന്‍ ഉണര്‍വാണ് ഇത്തരത്തിലുള്ള മത്സരങ്ങള്‍ കൊണ്ട് ലഭിക്കുന്നത്
Content Highlights : Sri lanka beat Australia as Dasun Shanaka becomes hero of Sri lanka