36ാം വയസിലും വിസ്മയിപ്പിച്ച് ലങ്കൻ സിംഹം; അഫ്ഗാനെ തരിപ്പണമാക്കി ശ്രീലങ്ക
Cricket
36ാം വയസിലും വിസ്മയിപ്പിച്ച് ലങ്കൻ സിംഹം; അഫ്ഗാനെ തരിപ്പണമാക്കി ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 7:55 am

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. അഫ്ഗാനെ 72 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.

രംഗിരി ദാമുള്ള സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ് നിരയില്‍ സതീര സമരവിക്രമ 42 പന്തില്‍ 51 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ബൗണ്ടറികള്‍ ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 121.43 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അവസാനം എയ്ഞ്ചലോ മാത്യൂസ് 22 പന്തില്‍ 42 റണ്‍സും നേടി വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ ടോട്ടല്‍ കെട്ടിപ്പടുത്തുയര്‍ത്തുകയായിരുന്നു. രണ്ട് ഫോറുകളും നാല് സിക്‌സുകളുമാണ് മാത്യൂസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 17 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു.

ലങ്കന്‍ ബൗളിങ്ങില്‍ നായകന്‍ വനിന്ദു ഹസരംഗ, എയ്ഞ്ചലോ മാത്യൂസ്, മതീഷ പതിരാന, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ശ്രീലങ്ക. ഫെബ്രുവരി 21നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. രംഗിരി ദാമുള്ള സ്റ്റേഡിയമാണ് വേദി.

Content Highlight: Sri lanka beat Afganisthan in T20