ശ്രീലങ്കയിൽ മതപണ്ഡിതർക്ക് വിലക്ക്: 600 വിദേശികളെ പുറത്താക്കി
കൊളംബോ : ശ്രീലങ്കയിൽ മതപണ്ഡിതരെ വിലക്കുന്നു. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയില്‍നിന്ന് 200 മതപണ്ഡിതരടക്കം 600 വിദേശികളെ പുറത്താക്കി. എന്നാൽ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രി വജിറ അബയ്വര്‍ധന പറഞ്ഞു.
മതപണ്ഡിതര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിൽ വിസ ചട്ടങ്ങളില്‍ ഉടൻ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുറത്താക്കിയത് ഏതു രാജ്യക്കാരെയാണെന്ന് മന്ത്രി പറഞ്ഞില്ല. സ്ഫോടനത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കനത്ത സുരക്ഷയോടെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്.സ്ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.