ശ്രീലങ്കയും ഇടത്തോട്ട്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് സഖ്യ സ്ഥാനാര്‍ത്ഥി മുന്നില്‍
World News
ശ്രീലങ്കയും ഇടത്തോട്ട്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് സഖ്യ സ്ഥാനാര്‍ത്ഥി മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2024, 8:04 am

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യ സ്ഥാനാര്‍ത്ഥി അനുര കുമാര ദിസനായകെ മുന്നില്‍. ഞായറാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണലില്‍ ഇതുവരെ എണ്ണപ്പെട്ട ഒരു ദശലക്ഷം വോട്ടുകളില്‍ 53 ശതമാനം വോട്ടുകളും അദ്ദേഹം നേടിയതായി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളെ ഉദ്ധരിച്ച് കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ പ്രസിഡന്റ് റിനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. നിലവിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് 22 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുള്ളത്. ആകെയുള്ള 17 ദശലക്ഷം വോട്ടര്‍മാരില്‍ 75 ശതമാനം ആളുകളും ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

നാഷണല്‍ പീപ്പിള്‍ പവര്‍ എന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് മാര്‍ക്‌സിസ്റ്റ് ഐഡിയോളജി മുന്നോട്ട് വെക്കുന്ന ജനത വിമുക്തി പെരമുനെ പാര്‍ട്ടിയുടെ നേതാവായ ദിസനായകെ മത്സരിച്ചിരുന്നത്. വിപണിയിലും സാമ്പത്തിക രംഗത്തും ശക്തമായി ഇടപെടല്‍ ഉറപ്പ് വരുത്തുന്ന സ്റ്റേറ്റ്, കുറഞ്ഞ നികുതി എന്നിവയാണ് മുന്നണി മുന്നോട്ട് വെക്കുന്ന നയങ്ങള്‍.

കഴിഞ്ഞ പാര്‍ലമെന്റില്‍ മൂന്ന് എം.പിമാര്‍ മാത്രമാണ് ജെ.വി.പി പാര്‍ട്ടിക്കുണ്ടായിരുന്നതെങ്കിലും ദിസനായകെയുടെ ശക്തമായ അഴിമതി വിരുദ്ധ നിലപാടുകളാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് നയിച്ചത്. ദാരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിലപാടുകളാണ് അദ്ദേഹം എപ്പോഴും കൈക്കൊണ്ടിരുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിനില്‍ വിക്രമസിംഗെ പരാജയം സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിക്രമസിംഗെയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിച്ചിരുന്ന വിദേശകാര്യ മന്ത്രി അലി സാബ്രി ഇത് സംബന്ധിച്ച ആദ്യ സൂചന നല്‍കിയിട്ടുണ്ട്. വിക്രമസിംഗെക്ക് വേണ്ടി താന്‍ നല്ല രീതിയില്‍ തന്നെ പ്രചരണം നടത്തിയെങ്കിലും ജനങ്ങള്‍ അവരുടെ വിധി തീരുമാനിച്ചെന്നും ദിനസായക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് വിധിയെ താന്‍ പൂര്‍ണമായും മാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ ശ്രീലങ്കയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. 2022ലാണ് ശ്രീലങ്ക ഇന്ധനം, മരുന്ന്, പാചക വാതകം എന്നിവ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് പോലും പണം നല്‍കാനില്ലാതെ പ്രതിസന്ധിയിലായത്. അന്നത്തെ പ്രസിഡന്റിന് രാജ്യത്ത് നിന്ന് പാലായനം ചെയ്യേണ്ടി വന്നിരുന്നു. പിന്നീട് ഐ.എം.ഫിന്റെ സഹായത്തോടെയാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്.

content highlights; Sri Lanka and left; The Marxist coalition candidate Anura Kumara Dissanayake is ahead in the presidential election