ന്യൂദല്‍ഹി: വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ശ്രീകൃഷണ കമ്മിറ്റിയെ നിയോഗിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു മുന്‍ സുപ്രീംകോടതി ജഡ്ജി ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷ, കേസ് നടപടികള്‍, ഡാറ്റാ അതോറിറ്റി രൂപീകരണം, വ്യക്തിഗത വിവരങ്ങളുടെ നിര്‍വചനം, പ്രശ്‌ന സാധ്യതയുള്ള വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഓരോ പൗരന്റെയും അവകാശ സംരക്ഷണം, രാജ്യത്തിന്റെ ഉത്തരവാദിത്തം, വിവരങ്ങള്‍ കച്ചവടപരമായോ വ്യാവസായികമായോ ഉപയോഗിക്കാള്‍ എന്നീ മൂന്ന് പ്രധാന വശങ്ങള്‍ക്കാണ് കമ്മിറ്റി പ്രാധാന്യം കൊടുത്തിരിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. ആളുകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്.
റിപ്പോര്‍ട്ട് കേന്ദ്ര നിയമ-വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങള്‍ തേടുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ പാര്‍ലമെന്ററി നടപടികളും പാലിച്ച ശേഷമേ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.