കേരളത്തിലും തമിഴ് നാട്ടിലും ഷാരൂഖ് ഖാന്റെ 'ഡങ്കി' വിതരണാവകാശം ഗോകുലം മൂവീസിന്
Film News
കേരളത്തിലും തമിഴ് നാട്ടിലും ഷാരൂഖ് ഖാന്റെ 'ഡങ്കി' വിതരണാവകാശം ഗോകുലം മൂവീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 7:20 pm

ജവാൻ സിനിമയുടെ വൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ രാജ്കുമാർ ഹിരാനി തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിർവഹിക്കുന്ന ചിത്രം ഡിസംബർ 21 മുതൽ തിയറ്ററുകളിലെത്തും.

‘ഷാരൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജവാന് ശേഷം ഡങ്കിയും ഞങ്ങൾ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഇത് തികച്ചും സന്തോഷം പകരുന്ന കാര്യമാണ്. ഡങ്കിയുടെ കേരളത്തിലെയും തമിഴ് നാട്ടിലെയും ‍ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. കിംങ് ഖാൻ ‌‌ഷാരൂഖ് ഖാനോടൊപ്പം സഹകരിച്ചുകൊണ്ട് വീണ്ടുമൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഒപ്പം ഇനിയും ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയും ഞങ്ങൾക്കുണ്ട്,’ ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ കൃഷ്ണമൂർത്തി പറഞ്ഞു.

2023 ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തിയ വർഷമാണ്. ജനുവരിയിൽ ‘പത്താൻ’, സെപ്റ്റംബറിൽ ‘ജവാൻ’, ഡിസംബറിൽ ‘ഡങ്കി’. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ അണിനിരക്കുന്നു.

രാജ്കുമാർ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്പാണ്ടെയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജ്കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് അമൻ പന്ത് പശ്ചാത്തലസംഗീതം പകർന്നപ്പോൾ പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി. കെ. മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ. പി.ആർ.ഒ: ശബരി.

Content Highlight: Sri Gokulam movies gets  Dunki movie’s distribution rights  in kerala and tamizh nadu