പരുന്തിനേക്കാള്‍ വലിയ റാഞ്ചല്‍, ലഖ്‌നൗവിന് തിരിച്ചടി; ഡികോക്കും സ്റ്റോയിനിസും അന്തം വിട്ടു!
Sports News
പരുന്തിനേക്കാള്‍ വലിയ റാഞ്ചല്‍, ലഖ്‌നൗവിന് തിരിച്ചടി; ഡികോക്കും സ്റ്റോയിനിസും അന്തം വിട്ടു!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th May 2024, 8:13 pm

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിക്കുകയാണ്. ഹൈദരബാദിന്റെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ കണക്കുകൂട്ടലുകളൊക്കെ പിഴച്ചതുപോലെ ക്വിന്റണ്‍ ഡി കോക്കിനെ മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചയക്കുകയായിരുന്നു. 2.1 ഓവര്‍ എന്ന നിലയില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് ഡി കോക്ക് പുറത്തായത്. ലെഗ് ലൈനില്‍ വന്ന ഒരു ബൗണ്‍സര്‍ സിക്‌സറിന് വഴിയൊരുക്കുമെന്ന് വിചാരിച്ചെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ഹൈദരബാദിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

ശേഷം ഇറങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് 4.2 ഓവര്‍ നിലയില്‍ ലെഗ് ലൈനില്‍ നിന്ന് പന്ത് പ്ലെയ്‌സ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നിന്ന് സന്‍വീര്‍ സിങ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഭുവി എറഞ്ഞ ഓവറിലാണ് സ്‌റ്റോയിനിസും പുറത്തായത്. ഇതോടെ രണ്ട് വലിയ വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടപ്പെട്ടത്.

മത്സരം പുരോഗമിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 27 റണ്‍സാണ് നേടിയത്. 19 റണ്‍സെടുത്ത് രാഹുലും രണ്ട് റണ്‍സ് നേടി ക്രുണാലുമാണ് ക്രീസില്‍.

നിലവിവല്‍ പോയിന്റ് പട്ടികയില്‍ ഹൈദരബാദ് 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും അഞ്ച് തോല്‍വിയുമടക്കം 12 പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ്. മറുഭാഗത്ത് 11 മത്സരങ്ങലില്‍ നിന്ന് ആറ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ് തന്നെയാണ് എല്‍.എസ്.ജിക്കും. ഇരുവര്‍ക്കും പ്ലെയ് ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം അതി നിര്‍ണായകമാണ്.

ലഖ്‌നൗ പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബധോണി, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, നവീന്‍ ഉല്‍ ഹഖ്

ഹൈദരാബാദ് പ്ലെയിങ് ഇലവന്‍: ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനത്കട്, വിജയകാന്ത് വിയസ്‌കാന്ത്, ടി. നടരാജന്‍

 

Content highlight: SRH VS LSG Live Updates, Two Stunning Catches