2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ഒരു റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ വിന്‍ഡീസ് താരം റോവ്മന്‍ പവലിന് നേരെ ഭുവനേശ്വര്‍ കുമാര്‍ ഒരു ലോ ഫുള്‍ട്ടോസ് എറിയുകയായിരുന്നു. എന്നാല്‍ എല്‍.ബി.ഡബ്ലിയു കുരുക്കില്‍ വിക്കറ്റ് നഷ്ടമായാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.
ഈ തകര്‍പ്പന്‍ വിജയത്തോടെ ഒരു കിടിലന്‍ നേട്ടമാണ് ഹൈദരബാദ് സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 200+ റ്ണ്‍സ് നേടുന്ന രണ്ടാമത്തെ ടീമീകാനാണ് ഹൈദരബാദിന് സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനായി നിതീഷ് കുമാര്‍ റെഡ്ഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുമാണ് താരം നേടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. നിതീഷിന് പുറമെ 44 പന്തില്‍ 56 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 19 പന്തില്‍ 42 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും നിര്‍ണായകമായി.
രാജസ്ഥാന്‍ ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് പരാഗ് അടിച്ചെടുത്തത്.