ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ എല്‍.എസ്.ജിക്ക് എതിരെ 10 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ നേടിയ 165 റണ്‍സ് വെറും 9.4 ഓവറില്‍ 167 റണ്‍സ് നേടി മറികടക്കുകയായിരുന്നു ഹൈദരാബാദ്.
ടി-ട്വന്റി ക്രിക്കറ്റിനെ അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ബൗളര്‍മാരെ അടിച്ചു കസറിയത്.
അഭിഷേക് ശര്‍മ 28 പന്തില്‍ നിന്ന് 6 സിക്‌സറും 8 ബൗണ്ടറിയും അടക്കം 75 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 267.86 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മറുഭാഗത്ത് 30 പന്തില്‍ നിന്ന് 8 സിക്‌സും 8 ഫോറും അടക്കം 89 റണ്‍സ് നേടിയാണ് ഹെഡ് ബൗളര്‍മാരെ അടിച്ചൊടിച്ചത്. 296.67 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗംഭീര പ്രകടനം കാഴ്ചവച്ചത്.
5️⃣0️⃣ for Travis Head 🤜🤛 5️⃣0️⃣ for Abhishek Sharma
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഹൈദരബാദ് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ പവര്‍ പ്ലെയില്‍ രണ്ട് തവണ 100+ സ്‌കോര്‍ നേടിയാണ് ഹൈദരബാദ് റെക്കോഡിട്ടത്. ഇത്വരെ ഒരു ടീമിനും നേടാന്‍ സാധിക്കാത്ത തകര്‍പ്പന്‍ നേട്ടമാണ് ഹെഡും ശര്‍മയും കൂടെ അടിച്ചെടുത്തത്.
ആദ്യ ഇന്നിങ്‌സില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് ഓപ്പണര്‍ ഡി കോക്ക് പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തകര്‍പ്പന്‍ പന്തില്‍ ഡീപ് ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച ഡി കോക്കിനെ നിതീഷ് കുമാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു റണ്‍സ് നേടി ഗ്രീസില്‍ തുടര്‍ന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ സന്‍വീര്‍ സിങ്ങിന്റെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റും ഭുവനേശ്വര്‍ കണ്ടെത്തി.
33 പന്തില്‍ നിന്ന് ഒരു സിക്‌സും ഒരു ഫോറും അടക്കം 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രാഹുലിനും ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാറ്റ് കമ്മിസിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ നടരാജന്റെ കയ്യില്‍ എത്തുകയായിരുന്നു രാഹുല്‍.
ഏറെ പ്രതീക്ഷ നല്‍കിയ ക്രുണാല്‍ പാണ്ഡ്യ രണ്ട് സിക്‌സര്‍ അടക്കം 21 പന്തില്‍ 24 റണ്‍സ് നേടിയിരിക്കെ കമ്മിന്‍സിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് നിക്കോളാസ് പൂരന്റെയും ആയുഷ് ബധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ്.
26 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സും അടക്കം 48 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. 184. 62 സ്‌ട്രൈക്ക് റേറ്റിലാണ് പൂരന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബധോണി 30 പന്തില്‍ നിന്ന് 9 ബൗണ്ടറി അടക്കം 55 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു.