| Saturday, 13th May 2023, 7:54 pm

'അയാള്‍ എവിടെയും രാജാവാണ്, അതിപ്പോള്‍ ഏത് മെന്ററിന് മുമ്പിലായാലും'; ലഖ്‌നൗവിന്റെ കളി പോലും നിര്‍ത്തിവെക്കേണ്ട അവസ്ഥയിലെത്തിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 58ാം മത്സരത്തിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയായത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരുന്നു ഹോം ടീമിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഓറഞ്ച് ആര്‍മി നേടിയത്. സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍, ഓപ്പണര്‍ അമോല്‍പ്രീത് സിങ്, അബ്ദുള്‍ സമദ് എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്.

മത്സരത്തിനിടെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലൊന്നാകെ മുഴങ്ങിക്കേട്ടത് വിരാട് കോഹ്‌ലിയുടെ പേരായിരുന്നു. വിരാട് – ഗംഭീര്‍ വിവാദത്തിന് പിന്നാലെയായിരുന്നു സണ്‍റൈസേഴ്‌സ് ആരാധകര്‍ വിരാടിനായി ചാന്റ് ചെയ്തത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും അവരുടെ മെന്റര്‍ ഗൗതം ഗംഭീറിനെയും മാനസികമായി തളര്‍ത്താന്‍ ഒരുങ്ങിത്തന്നെയായിരുന്നു ഹോം ടീം ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.

വിരാട് – ഗംഭീര്‍ വിവാദത്തില്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ട് ചേരിയിലായിരുന്നു. വിരാടിനെ പിന്തുണയ്ക്കുന്ന ആരാധകരായിരുന്നു തങ്ങളുടെ രാജാവിന്റെ കരുത്ത് ഗംഭീറിന് കാണിച്ചുകൊടുക്കാന്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.

ആരാധകര്‍ കോഹ്‌ലിയുടെ പേരില്‍ ചാന്റ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഭരിക്കുന്നത്.

ഇതിനിടെ അല്‍പനേരം കളി നിര്‍ത്തിവെക്കേണ്ട അവസ്ഥയിലേക്കും ആരാധകര്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരുന്നു. മത്സരത്തിന്റെ 19ാം ഓവറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡഗ് ഔട്ടിലേക്ക് എന്തോ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് മത്സരം അല്‍പനേരത്തേക്ക് തടസ്സപ്പെട്ടത്.

അതേസമയം, മത്സരത്തില്‍ ലഖ്‌നൗ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ എല്‍.എസ്.ജി മറികടക്കുകയായിരുന്നു.

പ്രേരക് മന്‍കാദ്, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് സന്ദര്‍ശകര്‍ക്ക് വിജയമൊരുക്കിയത്. മന്‍കാദ് 45 പന്തില്‍ നിന്നും 64 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും 40 റണ്‍സായിരുന്നു സ്റ്റോയിനിസിന്റെ സമ്പാദ്യം.

വെറും 13 പന്ത് നേരിട്ട് 44 റണ്‍സായിരുന്നു പൂരന്‍ നേടിയത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 338.46 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഈ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് മറികടന്ന് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറാനും ലഖ്‌നൗവിനായി. 12 മത്സരത്തില്‍ നിന്നും 13 പോയിന്റാണ് സൂപ്പര്‍ ജയന്റ്‌സിനുള്ളത്.

Content Highlight: SRH fans chants Virat Kohli’s name, Video goes viral

Latest Stories

We use cookies to give you the best possible experience. Learn more