ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ റെക്കോഡ് സ്വന്തമാക്കി സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍. 2023 ലോകകപ്പിലെ 32ാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെയാണ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ നേടിയത്.
മത്സരത്തിന്റെ 36ാം ഓവറില്‍ കാസുന്‍ രജിതക്കെതിരെയാണ് ശ്രേയസ് ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ സ്വന്തമാക്കിയത്. 106 മീറ്റര്‍ അകലെയാണ് അയ്യരിന്റെ പടുകൂറ്റന്‍ സിക്‌സര്‍ പറന്നിറങ്ങിയത്. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് അയ്യര്‍ നൂറ് മീറ്ററിലധികം നീളമേറിയ സിക്‌സര്‍ പറത്തുന്നത്.
2023 ലോകകപ്പിലെ ഏറ്റലും നീളമേറിയ സിക്‌സറുകള്‍
(താരം – രാജ്യം – എതിരാളികള്‍ – ദൂരം എന്നീ ക്രമത്തില്‍)
ശ്രേയസ് അയ്യര്‍ – ഇന്ത്യ – ശ്രീലങ്ക – 106 മീറ്റര്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 104 മീറ്റര്‍
ശ്രേയസ് അയ്യര്‍ – ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ – 101 മീറ്റര്‍
ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – ബംഗ്ലാദേശ് – 99 മീറ്റര്‍
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 98 മീറ്റര്‍
മത്സരത്തില്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഏകദിനത്തിലെ തന്റെ 16ാം അര്‍ധ സെഞ്ച്വറിയാണ് ശ്രേയസ് അയ്യര്‍ ശ്രീലങ്കക്കെതിരെ കുറിച്ചത്. 56 പന്തില്‍ 82 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. മൂന്ന് ബൗണ്ടറിയും ആറ് സിക്‌സറുമാണ് അയ്യരിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ശ്രേയസ് അയ്യരിന് പുറമെ വിരാട് കോഹ്‌ലിയും ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. അയ്യരിനെ പോലെ സെഞ്ച്വറി പ്രതീക്ഷ നല്‍കിയ ശേഷമാണ് ഇരുവരും പുറത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 88 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
അതേസമയം, നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ഇന്ത്യ നേടിയത്.
ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തി. പത്ത് ഓവറില്‍ 80 റണ്‍സ് വഴങ്ങിയാണ് മധുശങ്ക ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മധുശങ്ക പുറത്താക്കിയത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായപ്പോള്‍ ദുഷ്മന്ത ചമീരയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: Sreyas Iyer hits 106 meter sixer against Sri Lanka