സിനിമയിലും സീരിയലിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നടിയാണ് ശ്രീയ രമേശ്. കുങ്കുമപ്പൂവ്, ഏഴ് രാത്രികള്‍, സത്യമേ ജയതേ തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ച നടിയാണ് അവര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ശ്രീയ സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച ശ്രീയ രമേശ് പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിലും അഭിനയിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്.
ലൂസിഫറില്‍ ഗോമതിയെന്ന കഥാപാത്രമായാണ് ശ്രീയ എത്തിയത്. ഇപ്പോള്‍ ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ പോയതിനെ കുറിച്ച് പറയുകയാണ് നടി. ലൂസിഫറിലേക്ക് കോള് വരുമ്പോള്‍ തനിക്ക് ഈ സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നാണ് ശ്രീയ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീയ രമേശ്.
‘ലൂസിഫറിലേക്ക് കോള് വരുമ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനക്കല്‍ ചേട്ടനാണ് എന്നെ ആ സിനിമക്ക് വേണ്ടി വിളിക്കുന്നത്. പൃഥ്വിരാജ് ചെയ്യുന്ന സിനിമയാണ് ലൂസിഫറെന്നാണ് പേരെന്ന് മാത്രമാണ് എന്നോട് അന്ന് ചേട്ടന്‍ പറഞ്ഞത്. എത്ര ദിവസം ഷൂട്ടിങ് ഉണ്ടാകുമെന്നും സ്ഥലം ഏതാണെന്നും പറഞ്ഞു.
വരാന്‍ പറ്റുമോ, ഫ്രീയാകുമോയെന്ന് ചേട്ടന്‍ ചോദിച്ചു. ഉടനെ തന്നെ ഞാന്‍ ഫ്രീയാണെന്ന് മറുപടി നല്‍കി. കാരണം ഇങ്ങനെയുള്ള പ്രൊജക്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ ഒരിക്കലും ഫ്രീയല്ലെന്ന് പറയില്ലല്ലോ. ആ സമയത്ത് വേറെ എന്തെങ്കിലും പ്രൊജക്റ്റുണ്ടെങ്കില്‍ പോലും അത് കട്ട് ചെയ്ത് ഓടുമല്ലോ. അങ്ങനെയാണ് ഞാന്‍ ലൂസിഫറില്‍ എത്തിയത്.
അവിടെ ചെന്ന് കഴിഞ്ഞാണ് ഞാന്‍ ലൂസിഫറിന്റെ ഫസ്റ്റ് ഫ്രെയിം എന്റെ ഫേയ്‌സിലാണെന്ന് ഞാന്‍ അറിയുന്നത്. അപ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായി. കാരണം സിനിമയുടെ സക്‌സസ് എങ്ങനെയായിരിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. പക്ഷെ ലൂസിഫര്‍ ഇറങ്ങിയതിന് ശേഷം ആ കഥാപാത്രത്തിന് അത്രയും റീച്ച് കിട്ടിയപ്പോഴാണ് കൂടുതല്‍ മനസിലാകുന്നത്. അഭിനയിക്കാന്‍ പോകുമ്പോള്‍ ഒന്നും അറിയില്ലല്ലോ. കാരണം അവിടെ നമ്മളുടെ പോര്‍ഷന്‍ മാത്രമാണ് പറഞ്ഞു തരിക,’ ശ്രീയ രമേശ് പറഞ്ഞു.
Content Highlight: Sreeya Remesh Talks About Lucifer Movie