| Thursday, 9th August 2012, 12:06 am

ശ്രീവിദ്യയുടെ സ്വത്തിലെ വിഹിതം മന്ത്രി ഗണേഷ് നല്‍കുന്നില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാസ്‌കാരിക മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പരാതിയുമായി ശ്രീവിദ്യയുടെ ബന്ധു രംഗത്ത്. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനാണ് ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്റെ സഹോദരിയുടെ വില്‍പത്രത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് ലഭിക്കേണ്ട വിഹിതം മന്ത്രി നല്‍കുന്നില്ലെന്നാണ് ശങ്കരരാമന്റെ ആരോപണം.[]

ഗണേഷ്‌കുമാറിന്റെ പേരിലാണ് ശ്രീവിദ്യ വില്‍പ്പത്രം തയാറാക്കിയിരുന്നത്. തന്റെ സ്വത്തുക്കള്‍ വിനിയോഗിക്കുന്നതിനെക്കുറിച്ച് ശ്രീവിദ്യ വില്‍പ്പത്രത്തില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഗണേഷ്‌കുമാര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖ്യമന്ത്രി ഇടപെട്ട് ഇത് വാങ്ങിത്തരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞവര്‍ഷം ആദ്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും താന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആ സയമത്ത് ശ്രീവിദ്യാ ട്രസ്റ്റിന്റെ വസ്തുവകകള്‍ താന്‍ സാംസ്‌കാരിക വകുപ്പിന് കൈമാറാന്‍ പോകുകയാണെന്ന് ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഇത് നടന്നില്ല. അതുകൊണ്ട് വില്‍പത്രപ്രകാരം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ “കലാക്ഷേത്ര ട്രസ്റ്റ്” രൂപവത്കരിക്കണമെന്നും സഹോദരന്റെ മക്കള്‍ക്ക് പത്തുലക്ഷം രൂപ നല്‍കണമെന്നും ശ്രീവിദ്യ നിര്‍ദേശിച്ചിരുന്നു. ഇതു രണ്ടും ഗണേഷ്‌കുമാര്‍ ചെയ്തിട്ടില്ലെന്ന് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ശങ്കരരാമന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more