ടി-20 ലോകകപ്പിന് ഇനി അധിക നാളില്ല. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ തോല്‍വി വഴങ്ങിയ ടീം ഇന്ത്യ കഴിഞ്ഞ ദിവസം അവസാനിച്ച ടി-20 പരമ്പരയില്‍ കങ്കാരുപ്പടയെ കീഴ്‌പ്പെടുത്തിയത് ശുഭ സൂചനയാണ് നല്‍കുന്നത്.
ബൗളിങ്ങില്‍ 15 അംഗ ടീമില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി മുഹമ്മദ് ഷമിയെ ഒഴിവാക്കിയിരുന്നെങ്കിലും മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് നിരവധി ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഷമിയെ ലോകകപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനമായിരിക്കേ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്.
മുഹമ്മദ് ഷമി ഫിറ്റ്നെസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ടീം ഇന്ത്യക്കായി അവസരം ലഭിക്കുന്നവര്‍ ടൂര്‍ണമെന്റില്‍ മികവ് കാട്ടും എന്ന് തനിക്കുറപ്പാണെന്നും ടീമിലെത്താന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
”അവസരം ലഭിക്കാത്തവര്‍ കഠിന പരിശ്രമം നടത്തുകയും കാത്തിരിക്കുകയും വേണം. ജൂനിയേഴ്സായാലും സീനിയേഴ്സായാലും അവസരം നല്‍കുന്നതില്‍ ബി.സി.സി.ഐ. നീതി പുലര്‍ത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. മുഹമ്മദ് ഷമിക്ക് അവസരം നഷ്ടമായിട്ടുണ്ടെങ്കില്‍ അദ്ദേഹം ഫിറ്റ്നസില്‍ കഠിന പരിശ്രമം നടത്തുമെന്നും ശക്തമായി തിരിച്ചെത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്. ഇതൊരു ഏകദിന ലോകകപ്പോ ടെസ്റ്റ് ക്രിക്കറ്റോ അല്ല, ടി-20 ലോകകപ്പാണ്. മുഹമ്മദ് ഷമി മികച്ച ബൗളറും, ടീമിന് ഏറെ നേട്ടങ്ങള്‍ നല്‍കിത്തന്ന ആളുമാണ്. അദ്ദേഹം കൂടുതല്‍ ഫിറ്റ്നസ് കൈവരിച്ച് തിരിച്ചുവരേണ്ടതുണ്ട്,” ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ മത്സരത്തിന് മുമ്പ് അപ്രതീക്ഷിതമായി താരം കൊവിഡ് ബാധിതനായി പുറത്താവുകയായിരുന്നു.
പകരം പേസറായി ഉമേഷ് യാദവിനേയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഉമേഷിന് റണ്‍സ് പിടിച്ചുകെട്ടാനായിരുന്നില്ല.
2013ല്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്കായി 17 ടി-20 മത്സരങ്ങള്‍ മാത്രമേ ഷമി കളിച്ചിട്ടുള്ളൂ. ഐ.പി.എല്‍ 2022ല്‍ 16 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ കന്നി സീസണില്‍ കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.