'എനിക്ക് മാത്രം വേറെ നിയമമോ? എവിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും'; അനീതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്
Daily News
'എനിക്ക് മാത്രം വേറെ നിയമമോ? എവിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും'; അനീതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2017, 6:01 pm

കൊച്ചി: ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ലോധ കമ്മിറ്റിയില്‍ പറയുന്ന ഒത്തുകളിയില്‍ ആരോപണവിധേയരായ 13 പേരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ആര്‍ക്കും അതിനെക്കുറിച്ച് അറിയുകയും വേണ്ട. എന്റെ ശരിയ്ക്കു വേണ്ടി ഞാന്‍ പോരാടും. ദൈവം വലിയവനാണ്. എന്നായിരുന്നു ശ്രീയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ടി പോരാടുക. അനീതി കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക. മുമ്പ് പ്രതികരിച്ചതിനേക്കാള്‍ കൂടുതല്‍ ശക്തിയോടെ. എന്നും അദ്ദേഹം പറയുന്നു.

ഈ വിധി ഏറ്റവു മോശപ്പെട്ട തീരുമാനമായിപ്പോയെന്നും തനിക്ക് മാത്രം പ്രത്യേക നിയമമാണോയെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും എവിടെയാണെന്നും ശ്രീ ചോദിക്കുന്നു. തനക്കൊപ്പം തന്റെ കുടുംബമുണ്ടെന്നും തനിക്ക് അതുമതിയെന്ന് പറഞ്ഞ താരം വിട്ടു കൊടുക്കാന്‍ ഒരുക്കമല്ലെന്നും പോരാട്ടം തുടരുമെന്നും പറഞ്ഞു.


Also Read:  ‘കോഹ്‌ലിയ്ക്കു വേണ്ടി കുംബ്ലെയെ അപമാനിച്ച് ബി.സി.സി.ഐ’; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ട്വീറ്റ് വെട്ടിയും തിരുത്തിയും രക്ഷപ്പെടാന്‍ ശ്രമം


ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചതാണ് ശ്രീശാന്തിന് തിരിച്ചടിയായത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ നേരത്തെ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്ക് കളിക്കാനുള്ള അവസരം നല്‍കണമെന്നും വിലക്ക് നീക്കണമെന്നും ശ്രീ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കോടതി ശ്രീശാന്തിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2013 ഐ.പി.എല്‍ വാതുവെപ്പ് കേസിനെ തുടര്‍ന്നായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2015 ല്‍ ശ്രീയെ കേസില്‍ നിന്നും ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ അപ്പോഴും താരത്തിന് മേലുള്ള വിലക്ക് എടുത്ത് മാറ്റാന്‍ ബി.സി.സി.ഐ വിസമ്മതിക്കുകയായിരുന്നു. കേസില്‍ വെറുതെ വിട്ടതിനാല്‍ ഉടനെ തന്നെ വിലക്ക് നീക്കണമെന്നായിരുന്ന കേരള ഹൈക്കോടതിയുടെ വിധി.