കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കുകയില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ. കേസിന്റെയോ ക്രിമിനല്‍ നടപടികളുടെയോ ഭാഗമായല്ല വിലക്കേര്‍പ്പെടുത്തിയതെന്നും അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് വിലക്കെന്നും ബി.സി.സി.ഐയുടെ വിശദീകരണം.
അതേസമയം ശ്രീശാന്തിനെതിരെയുള്ള വിലക്ക് പിന്‍വലിക്കാന്‍ നിയമപരമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് അഭിഭാഷകര്‍. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീശാന്തിനെതിരെ കെട്ടിച്ചമച്ച കേസ് റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.
ശനിയാഴ്ച്ചയാണ് ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദ്‌ല എന്നിവരുള്‍പ്പടെ 36 പേര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്. 2013ലെ ഐ.പി.എല്‍ സീസണില്‍ വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്നാരോപിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദ്‌ല എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇവര്‍ക്ക് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും.