മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഉപദേശങ്ങള്‍ തന്റെ കരിയറില്‍ സഹായകമായിട്ടുണ്ടെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവും മലയാളിയുമായ ബേസില്‍ തമ്പി. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചെറിയ സ്‌കോര്‍ ഹൈദരാബാദ് പ്രതിരോധിക്കുമ്പോള്‍ ബേസിലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. നിലയുറപ്പിച്ച സൂര്യകുമാര്‍ യാദവിനെ മടക്കി ബേസിലാണ് സണ്‍റൈസേഴ്‌സിനു മത്സരം അനുകൂലമാക്കിയത്.
അവസാന ഓവറില്‍ മുസ്താഫിസുര്‍ റഹ്മാനെയും പുറത്താക്കി ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ 2 വിക്കറ്റ് നേടിയാണ് ബേസില്‍ വരവറിയിച്ചത്.
തന്റെ പ്രകടനത്തില്‍ എല്ലാവരും കടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ബേസില്‍ ശ്രീശാന്തിന്റെ ഉപദേശം തനിക്ക് ഏറെ സഹായകമായെന്നും കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.
” ബൗളിംഗുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഞാന്‍ ശ്രീശാന്തിനെ വിളിക്കാറുണ്ട്. എനിയ്ക്ക് സമ്മര്‍ദ്ദം തോന്നുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് മെസേജ് അയക്കും. ഉടന്‍ തന്നെ അദ്ദേഹം മറുപടിയും തരാറുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ട്. അദ്ദേഹമാണ് എന്നെ ഉത്തേജിപ്പിക്കുന്നത്.” ബേസില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലില്‍ അരങ്ങേറിയ ബേസില്‍ തമ്പി എമര്‍ജിംഗ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ദിയോധാര്‍ ട്രോഫിയിലും, ദുലീപ് ട്രോഫിയിലും ഇന്ത്യ എ ടീമിലും കളിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ബേസില്‍ ഇടം നേടിയിട്ടുണ്ട്.
മാച്ച് ഫിക്‌സിംഗിനെത്തുടര്‍ന്ന് ശ്രീശാന്ത് ഇപ്പോള്‍ ടീമിനു പുറത്താണ്. ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയിട്ടില്ല. ഐ.പി.എല്ലില്‍ പഞ്ചാബ്, കേരള, രാജസ്ഥാന്‍ ടീമുകള്‍ക്കായി ശ്രീശാന്ത് കളിച്ചിട്ടുണ്ട്.
WATCH THIS VIDEO: