ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ 125 റണ്‍സിനാണ് ഉഗാണ്ടയെ പരാജയപ്പെടുത്തിയത്. പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ടയ്ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ ക്രമണത്തില്‍ 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.
അഫ്ഗാന്‍ ബൗളിങ് നിരയിലെ ഫസല്‍ഹഖ് ഫറൂസിയുടെ ഗംഭീര പ്രകടനത്തിലാണ് ഉഗാണ്ട ചാരമായത്. നാല് ഓവറില്‍ വെറും 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം 2.25 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
ഇപ്പോള്‍ അഫ്ഗാന്‍ സ്റ്റാര്‍ ബൗളര്‍ ഫറൂഖിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബൗളറും മലയാളിയും കൂടെയായ ശ്രീശാന്ത്. മാത്രമല്ല ഇടംകയ്യന്‍ പേസറായ ഫസല്‍ഹഖ് ഫറൂസി ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയെ ബുദ്ധിമുട്ടിപ്പിക്കാന്‍ താരത്തിന് സാധിക്കുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറയുകയായിരു്‌നനു ശ്രീശാന്ത്.
‘പിച്ചില്‍ നല്ല സ്വിങ് ലഭിച്ചതോടെ ഫറൂഖി മികച്ചുനിന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബുദ്ധിമുട്ടുന്ന ഞങ്ങളുടെ ബാറ്റര്‍മാരെ പ്രതിസന്ധിയിലാക്കാന്‍ അവന് കഴിയും,’ ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്തിനും വിരാടിനും കഴിഞ്ഞ കാലങ്ങളില്‍ ലെഫ്റ്റ് ഹാന്‍ഡ് ഫാസ്റ്റ് ബൗളര്‍മാരെ കളിക്കുന്നതില്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പിലെ അമേരിക്കന്‍ പിച്ചുകള്‍ ബൗളര്‍മാരെ തുണക്കുന്നതും ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞതുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബൗളര്‍മാരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടുമെന്നത് ഉറപ്പാണ്.
Content Highlight: Sreesanth Warning Indian Team