മുംബൈ: ഇത്തവണത്തെ ഐ.പി.എല്ലില്‍ കളിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ തന്റെ പേര് ലേലത്തില്‍ പരിഗണിച്ചില്ലെന്നും ഇന്ത്യന്‍ താരം ശ്രീശാന്ത്. ലേലത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി പേര് നല്‍കിയെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ലെന്നാണ് താരം പറയുന്നത്.
ഒത്തുകളിവിവാദത്തില്‍ പെട്ട് വിലക്ക് നേരിടേണ്ടി വന്നതിന് ശേഷമാണ് ശ്രീശാന്തിന്റെ പ്രഭ മങ്ങിത്തുടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരിക്കെയാണ് താരം ഒത്തുകളി വിവാദത്തില്‍ പെടുന്നത്.
ഇതോടെ, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ബി.സി.സി.ഐ താരത്തെ വിലക്കിയിരുന്നു. എന്നാല്‍ വിലക്കിനെതിരെ താരം സുപ്രീം കോടതിയില്‍ പോവുകയും വിലക്ക് ഒഴിവാക്കുകയുമായിരുന്നു.
വിലക്ക് മാറിയതിന് ശേഷവും ഒരു മേജര്‍ ടൂര്‍ണമെന്റിലും കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നില്ല. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മാത്രമായിരുന്നു ശ്രീ കളിച്ചിരുന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു ശ്രീശാന്ത്. 2007 ഐ.സി.സി ടി-20 ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. ഫൈനലില്‍ മിസ്ബയുടെ ക്യാച്ചെടുത്ത ശ്രീയുടെ ചിത്രം ഒരു ഇന്ത്യക്കാരന്റെയും മനസില്‍ നിന്നും മായാനിടയില്ല.
2011 ലോകകപ്പിലും താരം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു.
2005ലാണ് ശ്രീശാന്ത് ഇന്ത്യന്‍ ജേഴ്സിയിലെത്തുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 169 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്കായി നേടിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് ശ്രീശാന്തിന്റെ മികച്ച പ്രകടനം.