| Tuesday, 20th March 2018, 4:55 pm

കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണ്; കൊച്ചി സ്റ്റേഡിയം ഫുട്‌ബോളിന് തന്നെ വിട്ട് കൊടുക്കണം; പിന്തുണയുമായി ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

എറണാകുളം: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫുട്‌ബോളിനായി തന്നെ വിട്ട് നല്‍കണമെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കലൂരിലെ സ്റ്റേഡിയം ഫുട്‌ബോളിനായി തന്നെ നിലനില്‍ക്കട്ടെയെന്നും കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാവിയില്‍ ക്രിക്കറ്റിനായി ഒരു സ്റ്റേഡിയം കൊച്ചിയില്‍ തന്നെയുണ്ടാവട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.നേരത്തെ ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റണമെന്നും ഇത്തരം നീക്കം ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റിന് വേറെ സ്റ്റേഡിയമില്ലെങ്കില്‍ നമുക്ക് കൊടുക്കായിരുന്നു, ഇപ്പോള്‍ സ്റ്റേഡിയമുണ്ടല്ലോ , ഫുഡ്ബോള്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്നും തീരുമാനത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Also Read ‘ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റണം, കൊച്ചിയില്‍ ഫുട്ബാള്‍ മതി’; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും എ.സി മൊയ്തീന്‍


അതേസമയം ക്രിക്കറ്റിന് പിന്തുണയുമായി ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഓര്‍ഗനൈസര്‍ ഹായിവര്‍ സെപ്പി രംഗത്തെത്തിയിരുന്നു. ഫിഫ സ്റ്റേഡിയം ഏറ്റെടുമ്പോള്‍ തന്നെ ഇത് ഫുട്ബോളിന് മാത്രം ഉപയോഗിക്കുന്ന സ്റ്റേഡിയമാകില്ല എന്ന് അറിയാമായിരുന്നുവെന്നും അതുകൊണ്ട് തന്നെ എല്ലാ കായിക ഇനങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയതെന്നും സെപ്പി വ്യക്തമാക്കി.

ക്രിക്കറ്റിന് വേണ്ടി വിക്കറ്റുകള്‍ സ്ഥാപിക്കുന്നതും മത്സര ശേഷം ഗ്രൗണ്ട് ഫുട്ബോളിന് അനുകൂലമാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ലയെന്നും സെപ്പി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കലൂരില്‍ ക്രിക്കറ്റ് വരുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഉള്‍പ്പെടെ പലരും രംഗത്ത് എത്തുന്നതിനിടെയാണ് സെപ്പിയുടെ പ്രസ്താവന.
ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ എന്നീ താരങ്ങളാണ് കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ എതിര്‍പ്പുമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവനും കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.

നൂറോളം തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണി എടുത്തത് കൊണ്ടാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്നത്തെ നിലയിലായത്. അവരോട് നന്ദി പറയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ അവര്‍ ചെയ്ത കഠിനാദ്ധ്വാനം നഷ്ട്ടപെടുത്താതിരിക്കാന്‍ അധികാരികളോട് അപേക്ഷിക്കുകയാണെന്നാണ് ട്വിറ്ററിലൂടെ വിനീത് പറഞ്ഞത്.

We use cookies to give you the best possible experience. Learn more