ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വാക്‌പോരിലേര്‍പ്പെട്ട് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ഗൗതം ഗംഭീറും എസ്. ശ്രീശാന്തും. എല്‍.എല്‍.സിയിലെ ഇന്ത്യ ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തിനിടെയാണ് ഇരുവരും പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ ജയന്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയാണ് ക്യാപ്പിറ്റല്‍സ് തിരിച്ചടിച്ചത്. കിര്‍ക് എഡ്വാര്‍ഡ്‌സും ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ചേര്‍ന്നാണ് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
ക്യാപ്പിറ്റല്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് ശ്രീയും ഗംഭീറും തമ്മിലുള്ള സ്ലെഡ്ജിങ് ആരംഭിച്ചത്. ശ്രീശാന്തിനെ തുടരെ തുടരെ സിക്‌സറിനും ബൗണ്ടറിക്കും പറത്തി ഗംഭീര്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.
ഒരു ഡോട്ട് ബോളിന് ശേഷം അടുത്ത പന്ത് ശ്രീശാന്ത് അല്‍പം വൈഡ് ആയാണ് എറിഞ്ഞത്. ഇതില്‍ ഗംഭീര്‍ ഷോട്ടിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. ഇത് കേട്ടതോടെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മുഖം മാറുകയും കനത്ത മറുപടി നല്‍കുകയുമായിരുന്നു. ഇതോടെ സംഭവം വിവാദങ്ങള്‍ക്കും വഴിവെച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
മത്സരത്തില്‍ ഗംഭീര്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായി. 30 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ഗംഭീറിന് പുറമെ ഭരത് ചിപ്‌ലി (16 പന്തില്‍ 35), ബെന്‍ ഡങ്ക് (10 പന്തില്‍ 35), റിക്കാര്‍ഡോ പവല്‍ (22 പന്തില്‍ 28) എന്നിവരും തകര്‍ത്തടിച്ചതോടെ ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 223 റണ്‍സ് എന്ന നിലയിലെത്തി.
ശ്രീശാന്ത് മൂന്ന് ഓവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സ് ക്രിസ് ഗെയ്‌ലിന്റെയും കെവിന്‍ ഒബ്രയന്റെയും വെടിക്കെട്ടില്‍ പൊരുതിയങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 211 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.
ഈ വിജയത്തിന് പിന്നാലെ ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടാനും ക്യാപ്പിറ്റല്‍സിനായി. മണിപ്പാല്‍ ടൈഗേഴ്‌സിനെയാണ് രണ്ടാം ക്വാളിഫയറില്‍ ഗംഭീറിനും സംഘത്തിനും നേരിടാനുള്ളത്. വിജയിക്കുന്നവര്‍ ഫൈനലില്‍ ഹൈദരാബാദ് അര്‍ബനൈസേഴ്‌സിനെ നേരിടും.
Content Highlight: Sreesanth Sledges Gambhir