കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ കിരീടം ചൂടാന്‍ പൂര്‍ണ സജ്ജരാണെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. ഇതിനോടകം സ്‌റ്റേബിളായ സ്‌ക്വാഡ് ഒന്നുകൂടി ശക്തമായതോടെ ആരാധകരും പലതും പ്രതീക്ഷിച്ചിരുന്നു.
സീസണിലെ ആദ്യ മത്സരങ്ങളിലെ കുതിപ്പ് കണ്ടപ്പോള്‍ ആരാധകര്‍ കിരീടമുറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു അര്‍ധ സെഞ്ച്വറിയും നേടിയതോടെ ആ വിശ്വാസം ഇരട്ടിയായി. എന്നാല്‍ പോകെപ്പോകെ രാജസ്ഥാനും സഞ്ജു സാംസണും പ്രകടനത്തില്‍ പുറകോട്ട് പോയി. രാജസ്ഥാന്‍ തുടരെ തുടരെ പരാജയപ്പെട്ടപ്പോള്‍ സഞ്ജു സാംസണ്‍ റണ്‍സ് നേടാന്‍ സാധിക്കാതെ പരുങ്ങി.
പലപ്പോഴും ഷോട്ട് സെലക്ഷനാണ് സഞ്ജുവിന് വിനയായത്. എല്ലാ പന്തും ആക്രമിച്ച് കളിക്കണമെന്ന താരത്തിന്റെ വാശിയും ഈ സീസണില്‍ തിരിച്ചടിയായി.
ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ നിര്‍ദേശത്തെ സഞ്ജു അവഗണിച്ചിരുന്നുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ വേണ്ടി അല്‍പനേരം ക്രീസില്‍ നിന്ന ശേഷം ആക്രമിക്കാനായിരുന്നു ഗവാസ്‌കര്‍ സഞ്ജുവിനെ ഉപദേശിച്ചതെന്നും എന്നാല്‍ സഞ്ജു അത് അനുസരിച്ചിരുന്നില്ല എന്നുമാണ് ശ്രീശാന്ത് പറയുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയിലായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.
‘ഞാനെപ്പോഴും സഞ്ജുവിനെ പിന്തുണച്ചിരുന്നു. എന്റെ കീഴിലാണ് അവന്‍ അണ്ടര്‍ 14 കളിച്ചുതുടങ്ങിയത്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി അവനെ കാണുമ്പോഴെല്ലാം തന്നെ ഐ.പി.എല്ലില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണമെന്ന് ഉപദേശിക്കാറുണ്ട്.
ഇഷാന്‍ കിഷനും റിഷബ് പന്തുമെല്ലാം സഞ്ജുവിനേക്കാള്‍ മുമ്പിലാണ്. പന്തിനിപ്പോള്‍ കളിക്കാന്‍ സാധിക്കുന്നില്ല. അവനെ കണ്ടപ്പോള്‍ അടുത്ത ആറോ എട്ടോ മാസത്തിനുള്ളില്‍ കളത്തിലേക്ക് മടങ്ങിയെത്താമെന്നാണ് അവന്‍ പറഞ്ഞത്.
ഇത്തവണ രണ്ടോ മുന്നോ തവണയാണ് മോശം ഷോട്ട് കളിച്ച സഞ്ജു പുറത്തായത്. രാജസ്ഥാന്റെ അവസാന ലീഗ് മത്സരത്തിലും സഞ്ജു ഇത്തരത്തില്‍ പുറത്തായപ്പോള്‍ ക്രീസിലെത്തി പത്ത് പന്തെങ്കിലും പിടിച്ചുനില്‍ക്കാനും പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷം ആക്രമിച്ചുകളിക്കാനും സുനില്‍ ഗവാസ്‌കര്‍ സാര്‍ അവനെ ഉപദേശിച്ചിരുന്നു.
നിന്റെ കഴിവിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. നീ ആദ്യ 12 പന്തില്‍ റണ്‍സ് നേടിയില്ലെങ്കിലും അടുത്ത 25 പന്തില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ നിനക്ക് സാധിക്കുമെന്നും ഗവാസ്‌കര്‍ സാര്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു.
എന്നാല്‍ അതിനോട് വിയോജിക്കുകയാണ് സഞ്ജു ചെയ്തത്. ഇല്ല, ഇതാണെന്റെ ശൈലി. എനിക്കിങ്ങനെയേ കളിക്കാനാകൂ എന്നാണ് അവന്‍ പറഞ്ഞത്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല,’ ശ്രീശാന്ത് പറഞ്ഞു.
ഈ സീസണില്‍ രാജസ്ഥാന് വേണ്ടി 14 മത്സരത്തില്‍ നിന്നും 30.17 എന്ന ശരാശരിയിലും 153.38 എന്ന സ്‌ട്രൈക്ക് റേറ്റിലും 362 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 66* ആണ്.
Content highlight: Sreesanth says Sanju Samson ignored Sunil Gavaskar’s advice