| Saturday, 16th December 2023, 6:57 pm

രാജസ്ഥാന് വേണ്ടത് രോഹിത്തിനെ പോലെ ഒരു ക്യാപ്റ്റനെ, സഞ്ജുവിനെ പുറത്താക്കണം; മുറവിളിയുമായി മലയാളി താരം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസറും രാജസ്ഥാന്‍ റോയല്‍സ് താരവുമായിരുന്ന എസ്. ശ്രീശാന്ത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റേത് സ്ഥിരതയില്ലാത്ത പ്രകടനമാണെന്നും പകരം ജോസ് ബട്‌ലറിനെ നായകനാക്കണമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

2022 ഐ.പി.എല്ലില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസണ്‍. 2008ല്‍ ഉദ്ഘാടന സീസണില്‍ ചാമ്പ്യന്‍മാരായതിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും ഏഴ് ജയവുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

എന്നിരുന്നാലും രാജസ്ഥാന്‍ ക്യാപ്റ്റന്‍സി മാറ്റണമെന്നാണ് മുന്‍ രാജസ്ഥാന്‍ പേസര്‍ അഭിപ്രായപ്പെട്ടത്. മലയാളി താരത്തിന് പകരം ജോസ് ബട്‌ലറിനെ നായകനാക്കാനാണ് ശ്രീശാന്ത് ആവശ്യപ്പെടുന്നത്.

ബട്‌ലര്‍ കഴിവ് തെളിയിച്ച നായകനാണെന്നും ഇംഗ്ലണ്ടിനെ ലോകചാമ്പ്യന്‍മാരാക്കിയതാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ എല്ലാ സിസ്റ്റവും മാറ്റിയെഴുതണം. ഞാന്‍ രാജസ്ഥാനില്‍ കളിക്കുമ്പോള്‍ പൂര്‍ണമായ ഒരു മാനേജ്‌മെന്റായിരുന്നു ടീമിനുണ്ടായിരുന്നത്. രാഹുല്‍ ഭായ് ആയിരുന്നു ടീമിന്റെ നായകന്‍. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യവും തന്ത്രങ്ങളും ഉണ്ടായിരുന്നു. ഞാന്‍ ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ഇനി സഞ്ജുവിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, അവന്‍ ക്യാപ്റ്റന്‍സിയെന്നത് ഗൗരവമായി എടുക്കണം. അല്ലെങ്കില്‍ ജോസ് ബട്‌ലറിനെ ക്യാപ്റ്റനാക്കണം. അറ്റ്‌ലീസ്റ്റ് ബട്‌ലര്‍ ഒരു ലോകകപ്പെങ്കിലും എടുത്തിട്ടുണ്ട്. അവനത് നന്നായി ചെയ്യാന്‍ സാധിക്കും.

പക്ഷേ രാജസ്ഥാന് കൂടുതല്‍ സ്ഥിരതയുള്ള ആരെയങ്കിലും ക്യാപ്റ്റനായി വേണം. രോഹിത്തിനെ പോലെ ഇന്റന്‍സിറ്റിയും കണ്‍സിസ്റ്റന്‍സിയുമുള്ള ഒരു താരത്തെയാണ് രാജസ്ഥാന് ക്യാപ്റ്റനായി വേണ്ടത്. തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കുന്ന താരത്തെയാണ് നിങ്ങള്‍ക്കാവശ്യം.

ഒരു ക്യപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ പോന്ന ഒരാളെയാണ് ടീമിന് വേണ്ടത്. ഐ.പി.എല്‍ എന്നത് വലിയൊരു ടൂര്‍ണമെന്റാണ്. വല്ലപ്പോഴും മാത്രം ഫോമിലെത്തി റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഒരാളെ നിങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ സാധിക്കില്ല,’ സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

രാജസ്ഥാനെ 45 മത്സരത്തില്‍ നയിച്ച സഞ്ജു 22 തവണയാണ് പിങ്ക് സിറ്റിയെ വിജയത്തിലേക്ക് നയിച്ചത്. പുതിയ സീസണിലും സഞ്ജു തന്നെയാണ് രാജസ്ഥാനെ നയിക്കുന്നത്.

Content highlight: Sreesanth says Rajasthan Royals should change Sanju Samson from captaincy

We use cookies to give you the best possible experience. Learn more