സിം ആഫ്രോ ടി-10 ലീഗില്‍ ഫൈനല്‍ കാണാതെ ഹരാരെ ഹറികെയ്ന്‍സ് പുറത്ത്. രണ്ടാം ക്വാളിഫയറില്‍ ഡര്‍ബന്‍ ഖലന്ദേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് ഹരാരെ പ്രഥമ സിം ആഫ്രോ ടി-10 ലീഗിന്റെ കലാശപ്പോരാട്ടത്തിന് അവസരം ലഭിക്കാതെ പുറത്തായത്.
ഹരാരെയെ നോക്ക് ഔട്ട് ഘട്ടത്തിലെത്തിക്കാന്‍ കാരണമായ എസ്. ശ്രീശാന്തിന്റെതടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പ്രകടനമാണ് രണ്ടാം ക്വാളിഫയറില്‍ ടീമിന് വിനയായത്.
ജൂലൈ 25ന് കേപ്ടൗണ്‍ സാംപ് ആര്‍മിക്കെതിരെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് മത്സരം സമനിലയിലാക്കിയത്. സൂപ്പര്‍ ഓവറില്‍ ടീം വിജയിക്കുകയും ചെയ്തിരുന്നു.
ശേഷം ഡര്‍ബന്‍ ഖലന്ദേഴ്‌സിനെതിരായ മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിരുന്നില്ല. ഈ മത്സരത്തിലും ടീം വിജയിച്ചതോടെ നോക്ക് ഔട്ടിലേക്ക് യോഗ്യത നേടിയിരുന്നു.
എന്നാല്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ മോശം പ്രകടനമാണ് ശ്രീശാന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
കഴിഞ്ഞ ദിവസം കേപ് ടൗണ്‍ സാംപ് ആര്‍മിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഓവറില്‍ 39 റണ്‍സാണ് ശ്രീശാന്ത് വഴങ്ങിയത്. 19.50 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണ് താരം പന്തെറിഞ്ഞത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
ഹറികെയ്ന്‍സ് നിരയിലെ മറ്റ് ബൗളര്‍മാരും അടി വാങ്ങിയിരുന്നെങ്കിലും ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത് ശ്രീശാന്ത് തന്നെയായിരുന്നു.
ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയെങ്കിലും സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ് കരുത്തില്‍ ഹറികെയ്ന്‍സ് എലിമിനേറ്റര്‍ വിജയിക്കുകയും രണ്ടാം ക്വാളിഫയറില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ ശേഷം നടന്ന രണ്ടാം ക്വാളിഫയറില്‍ തോല്‍ക്കാനായിരുന്നു ഹറികെയ്ന്‍സിന്റെ വിധി. ഡര്‍ബന്‍ ഖലന്ദേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയ്ന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് മാത്രമാണ് നേടിയത്.
83 റണ്‍സ് ഡിഫന്‍ഡ് ചെയ്യാനുള്ള മത്സരത്തില്‍ 1.4 ഓവറില്‍ 12.60 എക്കോണമിയില്‍ 21 റണ്‍സാണ് ശ്രീശാന്ത് വഴങ്ങിയത്. ഖലന്ദേഴ്‌സ് വിന്നിങ് റണ്‍ കുറിച്ചതും ശ്രീശാന്തിന്റെ പന്തിലായിരുന്നു.
ശ്രീശാന്ത് എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തി അസ്മത്തുള്ള ഒമറാസി ഖലന്ദേഴ്‌സിനെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.
ജൂലൈ 29നാണ് സിം ആഫ്രോ ടി-10 ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ ജോബെര്‍ഗ് ബഫലോസും ഡര്‍ബന്‍ ഖലന്ദേഴ്‌സുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്.
Content Highlight: Sreesanth’s poor bowling performance in Zim Afro T10 League