കണ്ണീരിലും പുഞ്ചിരി; പാകിസ്ഥാന്‍ താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് ശ്രീ, 12 പന്തില്‍ വീഴ്ത്തിയത് നാല് പേരെ
Sports News
കണ്ണീരിലും പുഞ്ചിരി; പാകിസ്ഥാന്‍ താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് ശ്രീ, 12 പന്തില്‍ വീഴ്ത്തിയത് നാല് പേരെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 4:04 pm

യു.എസ് മാസ്‌റ്റേഴ്‌സ് ടി-10 ലീഗില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എസ്. ശ്രീശാന്ത്. കഴിഞ്ഞ ദിവസം നടന്ന ടെക്‌സസ് ചാര്‍ജേഴ്‌സ് – മോറിസ്‌വില്‍ യൂണിറ്റി മത്സരത്തിലാണ് മോറിസ്‌വില്ലിന് വേണ്ടി ശ്രീശാന്ത് തീയായത്.

ആകെയെറിഞ്ഞ രണ്ട് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ശ്രീശാന്ത് കയ്യടി നേടിയത്. തന്റെ സ്‌പെല്ലിലെ രണ്ടാം പന്തില്‍ തന്നെ ശ്രീ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ മുന്‍ പാക് താരം മുഹമ്മദ് ഹഫീസിനെ ക്രിസ് ഗെയ്‌ലിന്റെ കൈകളിലെത്തിച്ചായിരുന്നു ശ്രീ പുറത്താക്കിയത്.

ഓവറിലെ നാലാം പന്തില്‍ ശ്രീശാന്ത് ടെക്‌സ് ചാര്‍ജേഴ്‌സിനെ വീണ്ടും ഞെട്ടിച്ചു. മുന്‍ പാക് താരം മുക്താര്‍ അഹമ്മദായിരുന്നു ഇത്തവണ ശ്രീയുടെ ഇര. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ മുക്താറിനെ ഒബുസ് പിനാറിന്റെ കൈകളിലെത്തിച്ച് ശ്രീശാന്ത് യൂണിറ്റിക്ക് അപ്പര്‍ഹാന്‍ഡ് നല്‍കി.

ശേഷം ടെക്‌സസ് ഇന്നിങ്‌സിലെ ഒമ്പതാം ഓവര്‍ പന്തെറിയാനാണ് ശ്രീ എത്തിയത്. ഓവറിലെ രണ്ടാം പന്തില്‍ ചാര്‍ജേഴ്‌സ് ഇന്നിങ്‌സിന്റെ നെടുംതൂണായ ഡാരന്‍ സ്റ്റീവന്‍സിനെ സി.ജെ ആന്‍ഡേഴ്‌സണിന്റെ കൈകളിലെത്തിച്ച് മടക്കിയ ഇന്ത്യന്‍ പേസര്‍ നാലാം പന്തില്‍ ഉപുല്‍ തരംഗയെയും മടക്കി. കാല്‍വിന്‍ സാവേജിന് ക്യാച്ച് നല്‍കിയായിരുന്നു തരംഗയുടെ മടക്കം.

18 പന്തില്‍ നിന്നും 36 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ സ്റ്റീവന്‍സിന്റെ സമ്പാദ്യം. ഏഴ് പന്തില്‍ 13 റണ്‍സ് നേടിയാണ് തരംഗ തിരിച്ചു നടന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടെക്‌സസ് ചാര്‍ജേഴ്‌സ് 109 റണ്‍സ് നേടി. ശ്രീശാന്തിന് പുറമെ ഡെയ്ന്‍ പീഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നവീന്‍ സ്റ്റുവര്‍ട്ട് ഒരു വിക്കറ്റും നേടി.

എന്നാല്‍ 110 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ മോറിസ്‌വില്ലിന് കരയേണ്ടി വരികയായിരുന്നു. ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം മങ്ങിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 75 റണ്‍സ് മാത്രമാണ് മോറിസ്‌വില്ലിന് നേടാന്‍ സാധിച്ചത്.

ചാര്‍ജേഴ്‌സിനായി മുഹമ്മദ് ഹഫീസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സൊഹൈല്‍ തന്‍വീര്‍, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റും തിസര പെരേര ഒരു വിക്കറ്റും നേടി.

ഓഗസ്റ്റ് 24നാണ് മോറിസ്‌വില്‍ യൂണിറ്റിയുടെ അടുത്ത മത്സരം. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂ ജേഴ്‌സി ലെജന്‍ഡ്‌ലാണ് എതിരാളികള്‍.

 

 

Content Highlight: Sreesanth’s brilliant bowling performance against Texas Chargers