| Wednesday, 26th July 2023, 11:41 am

അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ വിക്കറ്റ്, സൂപ്പര്‍ ഓവറിലേക്കുള്ള റണ്ണൗട്ടും; തോറ്റിടത്ത് നിന്നും വിജയിപ്പിച്ച് ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സിം-ആഫ്രോ ടി-10 ലീഗില്‍ ഹരാരെ ഹറികെയ്ന്‍സിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയും അതുവഴി ടീമിനെ വിജയിപ്പിക്കുകയും ചെയ്താണ് ശ്രീ സിം-ആഫ്രോ ടി-10 ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്.

ഹരാരെയില്‍ നടന്ന ഹരാരെ ഹറികെയ്ന്‍സ് – കേപ് ടൗണ്‍ സാംപ് ആര്‍മി മത്സരത്തിലാണ് ഹരാരെക്ക് വേണ്ടി ശ്രീശാന്ത് ഇറങ്ങിയത്. കേപ് ടൗണ്‍ ഇന്നിങ്‌സിലെ അവസാന ഓവര്‍ പന്തെറിയാന്‍ വേണ്ടിയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ശ്രീയെ നിയോഗിച്ചത്.

അവസാന ഓവറില്‍ എട്ട് റണ്‍സ് ഡിഫന്‍ഡ് ചെയ്യണമെന്നിരിക്കെ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ശ്രീശാന്ത് ടീമിന്റെ രക്ഷകനായത്.

ഏഴ് പന്തില്‍ 16 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന കരീം ജന്നത്തിനെ പുറത്താക്കിയാണ് ശ്രീ സിം-ആഫ്രോ ടി-10 ലീഗിലെ തന്റെ ആദ്യ വിക്കറ്റ് നേടിയത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഇതിന് പുറമെ സൂപ്പര്‍ താരം സീന്‍ വില്യംസിന്റെ റണ്‍ ഔട്ടിനും ശ്രീശാന്ത് കാരണമായിരുന്നു. നിലത്ത് കിടന്നുള്ള ഒരു ഡയറക്ട് ത്രോയിലൂടെയാണ് ശ്രീശാന്ത് അപകടകാരിയായ വില്യംസിനെ പുറത്താക്കിയത്.

ശ്രീശാന്തിന്റെ മികച്ച ബൗളിങ്ങിന്റെ കരുത്തില്‍ ഹറികെയ്ന്‍സ് കേപ് ടൗണിനെ സമനിലയിലേക്ക് തള്ളിയിടുകയായിരുന്നു. ജയമുറപ്പിച്ചിടത്ത് നിന്നുമാണ് സാംപ് ആര്‍മി സമനിലയിലേക്കും തുടര്‍ന്ന് പരാജയത്തിലേക്കും വഴുതി വീണത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹറികെയ്ന്‍സ് ഡോണോവാന്‍ ഫെരേരയുടെ ബാറ്റിങ് കരുത്തില്‍ പത്ത് ഓവറില്‍ 115 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണ്‍ റഹ്‌മാനുള്ള ഗുര്‍ബസിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 115 റണ്‍സിലെത്തി.

സൂപ്പര്‍ ഓവറില്‍ ഏഴ് റണ്‍സാണ് ആദ്യ ബാറ്റ് ചെയ്ത കേപ് ടൗണ്‍ സാംപ് ആര്‍മി നേടിയത്. എട്ട് റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ഹരാരെ അഞ്ച് റണ്‍സ് അടിച്ചെടുക്കുകയും മൂന്ന് റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ലഭിക്കുകയും ചെയ്തപ്പോള്‍ വിജയം പിടിച്ചടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഹറികെയ്ന്‍സ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും തോല്‍വിയുമാണ് ഹറികെയ്ന്‍സിനുള്ളത്.

Content Highlight: Sreesanth’s brilliant bowling performance against Cape Town Samp Army

We use cookies to give you the best possible experience. Learn more