ഐ.പി.എല്‍ കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍സിയേറ്റെടുത്ത രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനല്‍ വരെയെത്തിക്കാനും ഈ രണ്ട് സീസണിലും ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന് നേടിക്കൊടുക്കാനും സഞ്ജുവിനായി.
ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയായാണ് ഐ.പി.എല്‍ ലോകം സഞ്ജുവിനെ കാണുന്നത്. ആ വിശ്വാസം കാക്കാനായി ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്റെ മാക്സിമം പ്രകടനം പുറത്തെടുക്കാറുമുണ്ട്.
ഐ.പി.എല്ലിലെ ആക്രമണോത്സുകനായ ക്യാപ്റ്റന്‍ എന്നാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് സഞ്ജുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആക്രമണവും പ്രതിരോധവും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നമുക്ക് ഒരു സ്റ്റെപ് പിന്നോട്ട് നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമകാരിയായ ക്യാപ്റ്റനാണ് സഞ്ജു. ചില സാഹചര്യങ്ങളില്‍ അല്പം പുറകോട്ട് നില്‍ക്കേണ്ടി വന്നേക്കും. ചില സമയങ്ങളില്‍ ആക്രമണവും പ്രതിരോധവും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടിവരും. ഒരു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു ഇനിയും ഒത്തിരി പഠിക്കാനുണ്ട്. ഈ ഐ.പി.എല്ലില്‍ തന്റെ ശക്തിയും ബലഹീനതകളും തിരിച്ചറിഞ്ഞ് വേണം സഞ്ജു തീരുമാനങ്ങളെടുക്കാന്‍,’ ശ്രീശാന്ത് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും എല്ലാത്തിലുമുപരി ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജു തിളങ്ങിയ സീസണായിരുന്നു ഐ.പി.എല്‍ 2022.
ഐ.പി.എല്ലിന്റെ 16ാം എഡിഷനിലും കഴിഞ്ഞ തവണ കാഴ്ചവെച്ച അതേ മികവ് സഞ്ജുവിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.