| Saturday, 6th February 2021, 9:22 pm

'കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി'; സച്ചിന്റെ ചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് കരിമഷിയൊഴിച്ചതില്‍ ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ വിവാദപരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരം സച്ചില്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത്.

‘കോണ്‍ഗ്രസ് തെമ്മാടികളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാരതരത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ കരിമഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തി’, ശ്രീശാന്ത് ട്വിറ്ററിലെഴുതി.

സച്ചിന്‍ പാജി ഒരു വികാരമാണെന്നും തന്നെപോലെ നിരവധി ആണ്‍കുട്ടികള്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണെന്നും ശ്രീശാന്ത് പറഞ്ഞു.

‘സച്ചിനോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. നിങ്ങള്‍ ഇപ്പോഴും എല്ലാഴ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’, ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചത്. കര്‍ഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ട്വീറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കോഹ്ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.

‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.

ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.

വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sreesanth Response On Sachin’s Controversial Tweet

We use cookies to give you the best possible experience. Learn more