| Friday, 12th August 2022, 4:10 pm

ഇന്ത്യയ്ക്കായി കളത്തിലിറങ്ങാന്‍ ശ്രീശാന്ത്, ഒപ്പം 'കരിയര്‍ അവസാനിപ്പിച്ചവരും'; ഇത് പലതും തെളിയിക്കാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറായ ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങുന്നു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലാണ് ശ്രീശാന്ത് ഇന്ത്യന്‍ വെറ്ററന്‍ നിരയായ ഇന്ത്യ മഹാരാജാസിന് വേണ്ടി കളിക്കാനിറങ്ങുന്നത്.

താന്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമാവുകയാണെന്നും ഇതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു.

‘കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിലും ലെജന്‍ഡ്സിന്റെ ഭാഗമാവുന്നതിലും ഞാന്‍ ഏറെ ആവേശഭരിതനാണ്. എല്‍.എല്‍.സി രണ്ടാം സീസണ്‍ കളിക്കാന്‍ തന്നെയാണ് തീരുമാനം,’ എന്നായിരുന്നു താരം നേരത്തെ എല്‍.എല്‍.സിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്.

ഐ.പി.എല്‍ കോഴവിവാദത്തിന് ശേഷം ഇതാദ്യമായിട്ടാണ് ശ്രീശാന്ത് തന്റെ വേള്‍ഡ് കപ്പ് ടീം മേറ്റ്‌സിനൊപ്പം കളിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ താരം മെഗാലേലത്തിന്റെ ഭാഗമായിരുന്നെങ്കിലും ഒരു ടീമും ശ്രീശാന്തിനെ വിളിച്ചെടുക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇതിന് മുമ്പും താരം വിദേശ ലീഗുകളില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അതില്‍ കത്തിവെക്കുകയായിരുന്നു.

കേരളത്തിനായി രഞ്ജി ട്രോഫിയിലാണ് ശ്രീ അവസാനമായി പന്തെറിഞ്ഞത്.

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇന്ത്യ മഹാരാജാസ് വേള്‍ഡ് ജന്റ്‌സിനെയാണ് നേരിടുന്നത്. ഗാംഗുലിക്കും ശ്രീക്കും പുറമെ സേവാഗ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍, പത്താന്‍ സഹോദരന്‍മാര്‍ എന്നിരടക്കമുള്ള വമ്പന്‍ താരനിരയാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്.

കൊമ്പന്‍മാരാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നതെങ്കില്‍ നെറ്റിപ്പട്ടം കെട്ടിയ കൊലകൊമ്പന്‍മാരാണ് വേള്‍ഡ് ജയന്റ്‌സിന് വേണ്ടി ഇറങ്ങുന്നത്.

മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലിറങ്ങുന്ന വേള്‍ഡ് ജയന്റ്‌സില്‍ ലങ്കന്‍ ജയന്റ് സനത് ജയസൂര്യ, സ്പിന്‍ വിസ്സാര്‍ഡ് മുത്തയ്യ മുരളീധരന്‍, ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സ്, ദി മൈറ്റി ജാക് കാല്ലീസ് എന്നിവരടങ്ങുന്ന പടയാണ് എതിരാളികളായുള്ളത്.

സെപ്തംബര്‍ 15നാണ് ഇരു ടീമും കൊമ്പുകോര്‍ക്കുന്നത്. ദാദയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), വിരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ്, യൂസുഫ് പത്താന്‍, എസ്. ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ്. ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമന്‍ ഓജ, ആശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍.പി. സിങ്, ജോഗീന്ദര്‍ ശര്‍മ.

വേള്‍ഡ് ജയന്റ്‌സ്: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്കസ് കാല്ലീസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍, നഥാന്‍ മക്കെല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹാമില്‍ടണ്‍ മസകദാസ, മഷ്‌റാഫെ മെര്‍താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രയന്‍, ദിനേഷ് രാംദിന്‍.

Content Highlight: Sreesanth play for India Maharajas in Legends league Cricket

We use cookies to give you the best possible experience. Learn more