മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഏറ്റവും അഗ്രസ്സീവായ താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. കളിക്കളത്തില്‍ തനിക്കെതിരെ ഉയരുന്ന സ്ലെഡ്ജിങ്ങുകളൊന്നും വിരാട് ഒരിക്കലും പൊറുത്തിട്ടില്ല. മറുപടി ആ നിമിഷം തന്നെ ബാറ്റ് കൊണ്ടോ വാക്കുകള്‍ കൊണ്ടോ വിരാട് നല്‍കിയിരുന്നു.
അത്തരത്തില്‍ ഓരോ ടീമിലും അഗ്രഷന് പേരുകേട്ട താരങ്ങളുണ്ടായിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ജേഴ്‌സിയൂരി വീശിയ സൗരവ് ഗാംഗുലിയും പലപ്പോഴും അമ്പയറുമായി ഒത്തുപോകാത്ത ഷാകിബ് അല്‍ ഹസനും അഗ്രഷന് പേരുകേട്ടവരായിരുന്നു.
ഇപ്പോള്‍ കളിക്കളത്തിലെ ഈ സോ കോള്‍ഡ് ‘ചീത്തക്കുട്ടികളെ’ ഉള്‍പ്പെടുത്തിയ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എസ്. ശ്രീശാന്ത്. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ‘ശാന്തമായ’ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും ‘ശാന്തരായ’ രണ്ട് താരങ്ങളെയാണ് ശ്രീശാന്ത് ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുകാലത്ത് കീരിയും പാമ്പുമായിരുന്ന, എന്നാലിപ്പോള്‍ വൈരം മറന്ന് മുന്നോട്ട് കുതിക്കുന്ന ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍.
മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ്ങെത്തുമ്പോള്‍ ക്യാപ്റ്റന്റെ റോളിലെത്തുന്ന സൗരവ് ഗാംഗുലിയാണ് നാലാം നമ്പറില്‍ കളത്തിലിറങ്ങുന്നത്.
പാക് ഇതിഹാസ താരം ഷാഹിദ് അഫ്രിദിയും ബംഗ്ലാദേശ് ഇതിഹാസം ഷാകിബ് അല്‍ ഹസനും വിന്‍ഡീസ് ഹാര്‍ഡ് ഹിറ്റര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡുമാണ് യഥാക്രമം അഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍.
എട്ടാം നമ്പറില്‍ ശ്രീയുടെ ‘ഏറ്റവുമടുത്ത’ സുഹൃത്തായ ഹര്‍ഭജന്‍ സിങ് ഇടം നേടിയപ്പോള്‍ ഷോയ്ബ് അക്തറും ആന്ദ്രേ നെല്ലുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.
അഗ്രഷന്‍ കൊണ്ടും സ്ലെഡ്ജിങ് കൊണ്ടും അഗ്രസ്സീവ് വിക്കറ്റ് സെലിബ്രേഷനുകള്‍ കൊണ്ടും ആരാധക മനസില്‍ ഇടം നേടിയ ശ്രീശാന്ത് സ്വയം 11ാം നമ്പറില്‍ ടീമിന്റെ ഭാഗമായി.
എക്കാലത്തെയും ‘ശാന്തരായ’ താരങ്ങളുടെ പ്ലെയിങ് ഇലവന്‍
ഗൗതം ഗംഭീര്‍
വിരാട് കോഹ്‌ലി
റിക്കി പോണ്ടിങ്
സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍)
ഷാഹിദ് അഫ്രിദി
ഷാകിബ് അല്‍ ഹസന്‍
കെയ്‌റോണ്‍ പൊള്ളാര്‍ഡ്
ഹര്‍ഭജന്‍ സിങ്
ഷോയ്ബ് അക്തര്‍
ആന്ദ്രേ നെല്‍
എസ്. ശ്രീശാന്ത്
Content highlight: Sreesanth picks ‘calmest’ eleven of all time