| Sunday, 19th March 2023, 8:43 pm

ഞങ്ങളുടെ ബന്ധത്തിന് ഒരു ഹിന്ദി പാട്ട് വരെയുണ്ട്; 14 വര്‍ഷത്തിന് ശേഷം കരണത്തടി വിവാദത്തില്‍ ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ഏറെ വിവാദമായ സംഭവമായിരുന്നു മുംബൈ ഇന്ത്യന്‍സ് സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ കളിക്കളത്തില്‍ വെച്ച് കരണത്തടിച്ചത്. അടിയേറ്റ ശേഷം വിങ്ങിപ്പൊട്ടിയ ശ്രീശാന്തിന്റൈയും താരത്തെ ആശ്വസിപ്പിക്കുന്ന ടീം ഉടമ പ്രീതി സിന്റയുടെയും ചിത്രം അന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനെ ദീര്‍ഘ കാലത്തേക്ക് വിലക്ക് ലഭിച്ചിരുന്നു. സംഭവം നടന്ന് ഏറെ വര്‍ഷങ്ങളായെങ്കിലും ഈ വിവാദം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

2008ലെ സംഭവത്തില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കൂടുതല്‍ വ്യക്തത നല്‍കുകയാണ് ശ്രീശാന്ത്. സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

താനും ഹര്‍ഭജനും അടുത്ത കൂട്ടാണെന്നും അന്നത്തെ സംഭവം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും ശ്രീശാന്ത് പറയുന്നു. മാധ്യമങ്ങള്‍ വലിയ ആഘോഷമായി ഈ സംഭവത്തെ മാറ്റിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളെന്നും നല്ല സുഹൃത്തുക്കളായിരുന്നു. അത് വെറും തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചുപോയതാണ്, മാധ്യമങ്ങള്‍ ഈ വിഷയത്തെ വലുതാക്കുകയും ചെയ്തു.

എന്നാല്‍ എന്റെ ആരംഭം മുതല്‍ എന്നെ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്ത് വ്യക്തിയാണ് ഭാജി. ഈയടുത്ത് കമന്ററിക്ക് വേണ്ട ടിപ്‌സുകളും അദ്ദേഹം തന്നെയാണ് പറഞ്ഞുതന്നത്.

അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്, അതില്‍ ഞാന്‍ അദ്ദേഹത്തോട് ഏറെ നന്ദിയുള്ളവനുമാണ്. ‘തേരേ ജൈസാ യാര്‍ കഹാ’ എന്ന് തുടങ്ങുന്ന ഒരു പാട്ടില്ലേ, അതുപോലെയാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം,’ ശ്രീശാന്ത് പറഞ്ഞു.

സംഭവത്തില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഹര്‍ഭജനും പ്രതികരിച്ചിരുന്നു. എല്ലാം തന്റെ തെറ്റാണെന്നായിരുന്നു അന്ന് ഹര്‍ഭജന്‍ പറഞ്ഞത്.

‘പിച്ച്- എഡ്ജ് ബാറ്റില്‍ വിത്ത് വിക്രം സത്യ’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഭാജി അന്നത്തെ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയത്.

‘എന്താണോ അന്ന് സംഭവിച്ചത് അത് എന്റെ തെറ്റ് മാത്രമായിരുന്നു. ഞാനാണ് തെറ്റ് ചെയ്തത്. ഞാന്‍ ചെയ്ത് തെറ്റ് കാരണം എന്റെ സഹതാരത്തിനും അപമാനം നേരിടേണ്ടി വന്നു. അതോര്‍ത്ത് എനിക്ക് തന്നെ നാണക്കേട് തോന്നി.

ഞാന്‍ എന്തെങ്കിലും തെറ്റ് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ശ്രീശാന്തിനോട് ഗ്രൗണ്ടില്‍ വെച്ച് പെരുമാറിയത് തന്നെയാവും. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതിന്റെ ഒരു ആവശ്യവുമില്ലായിരുന്നു എന്ന് തോന്നും,’ എന്നായിരുന്നു സംഭവത്തെ കുറിച്ച് ഹര്‍ഭജന്‍ പറഞ്ഞത്.

Content Highlight: Sreesanth on slap controversy during IPL 2008

We use cookies to give you the best possible experience. Learn more