| Thursday, 31st December 2020, 6:29 pm

എന്റെ ക്യാച്ച് വരെ ഡിലീറ്റ് ചെയ്ത ചാനലാണ് ഇനിയുള്ള മത്സരം ലൈവ് കാണിക്കാന്‍ പോകുന്നത്; തിരിച്ചുവരവില്‍ ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണ്ണമെന്റ് മികച്ച അവസരമായാണ് കാണുന്നതെന്ന് ശ്രീശാന്ത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അരങ്ങേറ്റ മത്സരം പോലെയാണ് ടൂര്‍ണ്ണമെന്റിനെ കാണുന്നതെന്നും ശ്രീ പറഞ്ഞു.

‘വളരെയധികം സന്തോഷം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വലിയ ഉത്തരവാദിത്വം തന്നിരിക്കുകയാണ്. വെല്ലുവിളിയേക്കാള്‍ വലിയ അവസരമായാണ് കാണുന്നത്. ക്രിക്കറ്റ് ഒരുപാട് മാറിയിട്ടുണ്ട്’, ശ്രീ പറഞ്ഞു.

എതിര്‍ ടീമുകളില്‍ മികച്ച കളിക്കാരുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. മുംബൈയിലും ദല്‍ഹിയിലും ഒരുപാട് ഐ.പി.എല്‍ കളിക്കാര്‍ ഉണ്ടെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

‘വാംഖഡെയിലാണ് മത്സരം. ലോകകപ്പ് ജയിച്ചത് വാംഖഡെയിലാണ്. അതായിരുന്നു ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അവസാന മത്സരം. ഫസ്റ്റ് ക്ലാസില്‍ എന്റെ അവസാനമത്സരവും ആ സ്റ്റേഡിയത്തിലാണ്. തിരിച്ചുവരവ് മത്സരം ആ സ്റ്റേഡിയത്തില്‍ തന്നെ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്’, ശ്രീ പറഞ്ഞു.

2007 ടി-20 ലോകകപ്പിലെ തന്റെ ക്യാച്ച് വരെ ഡിലീറ്റ് ചെയ്ത ചാനലാണ് മത്സരം ലൈവ് കാണിക്കാന്‍ പോകുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണ്ണമെന്റ് സംപ്രേഷണം ചെയ്യുന്നത് സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്.

2013 ല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന്റെ വിക്കറ്റ് നേട്ടങ്ങളും മറ്റും ചില ചാനലുകള്‍ ഒഴിവാക്കിയിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നത്. സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്.

2013 ഐ.പി.എല്‍ വാതുവെപ്പ് ബന്ധം ആരോപിച്ചായിരുന്നു ശ്രീശാന്തിന് ബി.സി.സി.ഐ ഇക്കാലമത്രയും അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും വിലക്കേര്‍പ്പെടുത്തിയത്.

സെപ്തംബറില്‍ മുപ്പത്തേഴുകാരന്റെ വിലക്ക് കാലാവധി അവസാനിച്ചു. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

മുംബൈ, ദല്‍ഹി, ആന്ധ്ര, ഹരിയാന ടീമുകളെയും നേരിടും. 38 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായിട്ടാണ് മത്സരിക്കുക. അഞ്ച് എലൈറ്റ് ഗ്രൂപ്പും ഒരു പ്ലേറ്റ് ഗ്രൂപ്പും.

കര്‍ണാടകയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കൊവിഡ് സുരക്ഷയിലുള്ള ബെംഗളുരു, കൊല്‍ക്കത്ത, വഡോദര, ഇന്‍ഡോര്‍, മുംബൈ, ചെന്നൈ എന്നീ വേദികളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. ടീമുകളെല്ലാം ജനുവരി രണ്ടിന് അതാത് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്ത് കൊവിഡ്19 പരിശോധനക്ക് വിധേയരാകണം.

നോക്കൗട്ട് മത്സരങ്ങള്‍ അഹമ്മദാബാദിലെ മോട്ടെറ സ്റ്റേഡിയത്തിലാണ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreesanth on Sayyed Mushtaq Ali Tournament Star Sports

We use cookies to give you the best possible experience. Learn more