| Thursday, 7th December 2023, 2:47 pm

അവനെന്നെ വാതുവെപ്പുകാരന്‍ എന്ന് വിളിച്ചുകൊണ്ടിരുന്നു; ഗംഭീറിനെതിരെ ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും എസ്. ശ്രീശാന്തും തമ്മിലുള്ള വാഗ്വാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഗംഭീര്‍ തനിക്കെതിരെ മോശം പദപ്രയോഗം നടത്തിയെന്ന് ശ്രീശാന്ത് മത്സര ശേഷം പറഞ്ഞിരുന്നു. ഗംഭീര്‍ തന്നെ വിളിച്ചതെന്താണെന്ന് ഇന്നല്ലെങ്കില്‍ നാളെ ആരാധകരെ അറിയിക്കുമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഗംഭീര്‍ തന്നെ വിളിച്ചതെന്തെന്ന് പറയുകയാണ് ശ്രീശാന്ത്. പിച്ചില്‍ വെച്ച് വാതുവെപ്പുകാരന്‍ (ഫിക്‌സര്‍) എന്ന് നിരന്തരം വിളിക്കുകയായിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നു. ലൈവില്‍ വന്നാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഓരോ ന്യൂസ് ചാനലിലും വന്ന് ഒരേ കാര്യം തന്നെ പറയണം എന്നില്ലാത്തതുകൊണ്ടാണ് ഞാനിവിടെ ഇക്കാര്യം പറയാന്‍ ഉദ്ദേശിക്കുന്നത്. ഗ്രൗണ്ടില്‍ വെച്ച് ഗംഭീര്‍ എന്നെ വിളിച്ചതെന്താണെന്ന് ഞാന്‍ പറയുകയാണ്.

എന്നെ ഫിക്‌സര്‍, ഫിക്‌സര്‍ (വാതുവെപ്പുകാരന്‍) എന്ന് വിളിച്ചുകൊണ്ടിരുന്നു. ഞാന്‍ ഉപയോഗിക്കുന്ന ഭാഷയില്‍ ദയവായി ക്ഷമിക്കുക, F*** of Fixer എന്നാണ് ഗംഭീര്‍ പറഞ്ഞത്. അമ്പയര്‍മാരോടും ഇതേ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ മാറിക്കളഞ്ഞിട്ടും അദ്ദേഹം അത് വിളിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.

ഞാന്‍ ചിരിക്കുകയും പരിഹാസത്തോടെ പെരുമാറുകയുമാണ് ഉണ്ടായിരുന്നത്. ഗംഭീറിനെ പോലെ പി.ആറിന് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ പണമില്ല. ഞാന്‍ വെറും സാധാരണക്കാരനാണ്,’ ശ്രീശാന്ത് പറഞ്ഞു.

മത്സരത്തിനിടെ സംഭവിച്ചതെന്താണ് എന്നതില്‍ തന്റെ ഭാഗം വിശദീകരിച്ചും ശ്രീശാന്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു കാരണവുമില്ലാതെയാണ് ഗംഭീര്‍ ഇത്തരത്തിലുള്ള മോശം പ്രയോഗങ്ങള്‍ നടത്തിയതെന്നാണ് മുന്‍ പേസര്‍ പറഞ്ഞത്.

‘നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി അറിയിക്കുന്നു.

ഒരു കാരണവുമില്ലാതെ തന്റെ സഹതാരങ്ങളുമായി ഫൈറ്റ് ചെയ്യുന്ന മിസ്റ്റര്‍ ഫൈറ്ററുമായി നടന്ന തര്‍ക്കത്തെ കുറിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വിരു ഭായ് (വിരേന്ദര്‍ സേവാഗ്) അടക്കമുള്ള തന്റെ സീനിയര്‍ താരങ്ങളെ പോലും അദ്ദേഹം ബഹുമാനിക്കാറില്ല. അതുതന്നെയാണ് ഇന്ന് ഇവിടെ നടന്നത്.

ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം എന്നെ വളരെ മോശപ്പെട്ട ഒരു വാക്ക് വിളിക്കുകയുണ്ടായി. ഗംഭീറിനെ പോലെ ഒരാള്‍ ഒരിക്കലും അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്റെ ഭാഗത്ത് ഒരു തരത്തിലുമുള്ള തെറ്റും ഇല്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ഇതേകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോള്‍ അല്ലെങ്കില്‍ കുറച്ച് കാലത്തിന് ശേഷം ഗംഭീര്‍ ഉപയോഗിച്ച വാക്കുകള്‍ എന്തെന്നും ക്രിക്കറ്റ് ഫീല്‍ഡില്‍ പറഞ്ഞതെന്തെന്നും നിങ്ങള്‍ അറിയും. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

ഞാനും എന്റെ കുടുംബവും ഏറെ കഷ്ടപ്പാടുകളിലൂടെയും വിഷമമേറിയ സമയങ്ങളിലൂടെയും കടന്നുപോയതാണ്. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഞാന്‍ ആ പോരാട്ടത്തില്‍ ഒറ്റക്ക് പൊരുതി നിന്ന് വിജയിച്ചത്. ഒരു കാരണവുമില്ലാതെ എന്നെ തളര്‍ത്താന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്.

ടീം വളരെ മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കുമ്പോഴും ഞാന്‍ എന്റെ നൂറ് ശതമാനവും ടീമിന് കൊടുക്കാന്‍ ശ്രമിക്കുമ്പോഴും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗംഭീര്‍ പറഞ്ഞത്.

ഗംഭീര്‍ എന്താണ് പറഞ്ഞതെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോള്‍ പ്രസന്റേഷന്‍ ചടങ്ങുകള്‍ നടക്കുകയാണ്. അതാ, ഗംഭീര്‍ അവിടെയുണ്ട്. സ്വന്തം സഹതാരങ്ങളെ ബഹുമാനിക്കാന്‍ സാധിക്കാത്ത നിങ്ങള്‍ക്കെങ്ങനെയാണ് ഒരു ജനതയെ പ്രതിനിധീകരിക്കാന്‍ സാധിക്കുക.

ഒരിക്കല്‍ ലൈവിനിടെ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിരാടിനെ കുറിച്ചായിരുന്നില്ല, മറ്റെന്തൊക്കെയോ ആണ് പറഞ്ഞത്. കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ശരിക്കും സങ്കടപ്പെട്ടിരിക്കുകയാണ്. എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്നവരും വിഷമിച്ചു.

ഞാന്‍ ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന കാര്യം വീണ്ടും നിങ്ങളോട് പറയുകയാണ്. എല്ലായ്‌പ്പോഴുമെന്ന പോലെ അദ്ദേഹം മോശം വാക്കുകള്‍ പറയുകയായിരുന്നു,’ ശ്രീശാന്ത് പറഞ്ഞു.

ക്യാപ്പിറ്റല്‍ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ശ്രീയും ഗംഭീറും തമ്മിലുള്ള സ്ലെഡ്ജിങ് ആരംഭിച്ചത്. ശ്രീശാന്തിനെ തുടരെ തുടരെ സിക്സറിനും ബൗണ്ടറിക്കും പറത്തി ഗംഭീര്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

ഒരു ഡോട്ട് ബോളിന് ശേഷം അടുത്ത പന്ത് ശ്രീശാന്ത് അല്‍പം വൈഡ് ആയാണ് എറിഞ്ഞത്. ഇതില്‍ ഗംഭീര്‍ ഷോട്ടിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. ഇത് കേട്ടതോടെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മുഖം മാറുകയും കനത്ത മറുപടി നല്‍കുകയുമായിരുന്നു. ഇതോടെ സംഭവം വിവാദങ്ങള്‍ക്കും വഴിവെച്ചു.

Content Highlight: Sreesanth on Gautam Gambhir’s bad language against him

Latest Stories

We use cookies to give you the best possible experience. Learn more