[]ന്യൂദല്‍ഹി: വാതുവെപ്പ് കേസില്‍ പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരവും, മലയാളിയുമായ ശ്രീശാന്തിന് ജാമ്യം ലഭിച്ചു ദല്‍ഹി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീശാന്ത് അടക്കം 18 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.[]
ശ്രീശാന്തിനെതിരെ വഞ്ചനക്കും, ഗൂഢാലോടനക്കും പ്രഥമ ദൃഷ്ടി തെളിവില്ലെന്നും കോടതി പറഞ്ഞു. ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി തള്ളുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ ശ്രീശാന്തിനെതിരേ എന്ത് തെളിവ് ഹാജരാക്കാന്‍ കഴിയുമെന്ന് പോലീസിനോട് കോടതി ചോദിച്ചു. അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും ഫോണ്‍ ചോര്‍ത്തിയ രേഖകള്‍ മാത്രമാണ് ദല്‍ഹി പോലീസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞത്.
ശ്രീശാന്തും സുഹൃത്ത് ജിജു ജനാര്‍ദ്ദനും തമ്മില്‍ സംസാരിച്ച ഫോണ്‍ സംഭാഷണങ്ങളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു സംസാരവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തെളുവുകള്‍ സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല.
കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് മക്കോക നിയം ചുമത്തിയതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഈ വകുപ്പല്ല ചേര്‍ക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയതിന് ദല്‍ഹി പോലീസിനെതിരെ സാകേത് കോടതി നേരത്തെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
മക്കോക്ക ചുമത്തിയതിന് എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്നും, ഓണ്‍ലൈന്‍ വഴി ലക്ഷ കണക്കിനാളുകാള്‍ വാതുവെപ്പ് നടത്താറുണ്ട്. ഇവര്‍ക്കെതിരെ യൊക്കെ മക്കോക്ക നിയമം ചാര്‍ത്തുമോ എന്നും കോടതി ചോദിച്ചിരുന്നു.
അതേസമയം വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുളള മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാര്‍ക്കെതിരെ ഉടന്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. കളിക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയ രവിസവാനി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബി.സി.സി.ഐ അച്ചടക്ക സമിതിക്ക് വിട്ടു.
സമിതിയുടെ ശുപാര്‍ശയുടെയും കളിക്കാരുടെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബി.സി.സി.ഐ നടപടി സ്വീകരിക്കുക. എന്നാല്‍ കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് നല്‍കണമെന്നാണ് രവി സവാനി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന് 26 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ശ്രീശാന്ത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കേസില്‍ ഈ മാസം നാലിനാണ് ദല്‍ഹി പോലീസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേ മക്കോക ചുമത്തിയത്. മക്കോക ചുമത്തിയ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ജാമ്യം ലഭിച്ചതോടെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീശാന്തിന് ഉടനെ നാട്ടിലേക്ക് മടങ്ങാനാവുമെന്നാണറിയുന്നത്. അങ്ങനെയെങ്കില്‍ നാളെയോ മറ്റന്നാളോ ശ്രീശാന്ത് കേരളത്തിലെത്തുമെന്ന് ശ്രീശാന്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.