| Friday, 8th July 2022, 10:11 pm

ഐ.പി.എല്ലില്‍ ആരും ടീമിലെടുത്തില്ലെങ്കിലെന്താ, പുതിയ ലീഗില്‍ കളിക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം പുതിയ ക്രിക്കറ്റ് ലീഗില്‍ കളിക്കാനൊരുങ്ങി മലയാളി താരവും ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളുമായ എസ്. ശ്രീശാന്ത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലാണ് ശ്രീ കളിക്കാനൊരുങ്ങുന്നത്.

വീരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുത്തയ്യ മുരളീധരന്‍, മോണ്ടി പനേസര്‍, പ്രവീണ്‍ താംബെ, നമന്‍ ഓജ, എസ്. ബദ്രിനാഥ്, സ്റ്റുവര്‍ട്ട് ബിന്നി, അസ്ഗര്‍ അഫ്ഘാന്‍ എന്നിവര്‍ക്ക് ശേഷം എല്‍.എല്‍.സി കളിക്കാനൊരുങ്ങുകയാണ് ശ്രീശാന്ത്. മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖും ഇത്തവണ എല്‍.എല്‍.സിയില്‍ കളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

‘കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിലും ലെജന്‍ഡ്‌സിന്റെ ഭാഗമാവുന്നതിലും ഞാന്‍ ഏറെ ആവേശഭരിതനാണ്. എല്‍.എല്‍.സി രണ്ടാം സീസണ്‍ കളിക്കാന്‍ തന്നെയാണ് തീരുമാനം,’ ശ്രീശാന്ത് പറയുന്നു.

അയര്‍ലാന്‍ഡിന്റെ എക്കാലത്തേയും മികച്ച താരമായ കെവിന്‍ ഒബ്രയനും ലീഗ് കളിക്കാനെത്തിയേക്കും. കഴിഞ്ഞ സീസണിലും എല്‍.എല്‍.സിയുടെ ഭാഗമായ താരം സീസണ്‍ രണ്ടില്‍ വീണ്ടും ബാറ്റേന്താന്‍ ഒരുങ്ങുകയാണ്.

‘വേള്‍ഡ് ജയന്റ്‌സ് ടീമിനൊപ്പം എല്‍.എല്‍.സിയുടെ ആദ്യ സീസണ്‍ ഏറെ മികച്ചതായിരുന്നു. ഇപ്പോള്‍ പുതിയ ഫോര്‍മാറ്റിലേക്ക് മാറിയിരിക്കുകയാണ്. സീസണ്‍ രണ്ടിലും ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ ഭാഗമാവാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ ഒബ്രയന്‍ പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്  തുടങ്ങിയ ടീമുകള്‍ എന്നിവിടങ്ങളിലെ മുന്‍ താരങ്ങളുടെ ലീഗാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് എന്ന എല്‍.എല്‍.സി.

ഇത്തവണ ഒമാനില്‍ വെച്ച് നടക്കുന്ന ലീഗിന്റെ രണ്ടാം സീസണില്‍ നാല് ടീമുകളായിരിക്കും കളിക്കുകയെന്നും ഇതിനായുള്ള 110 താരങ്ങളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും എല്‍.എല്‍.സിയുടെ സി.ഇ.ഒ ആയ രമണ്‍ രഹേജ പറഞ്ഞു.

മൂന്ന് ടീമാണ് ഉദ്ഘാടന സീസണില്‍ എല്‍.എല്‍.സിയില്‍ കളിച്ചത്. ഇന്ത്യന്‍ താരങ്ങള്‍, ഏഷ്യന്‍ താരങ്ങള്‍, മറ്റ് ടീമിലെ താരങ്ങള്‍ എന്നിങ്ങനെയായിരുന്നു ടീമുകളെ തരം തിരിച്ചത്.

ഇന്ത്യന്‍ താരങ്ങളുടെ സ്വന്തം ഇന്ത്യ മഹാരാജാസ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഏഷ്യ ലയണ്‍സ്, മറ്റ് ലോകോത്തര താരങ്ങളുടെ ടീമായ വേള്‍ഡ് ജയന്റ്‌സ് എന്നിവരായിരുന്നു ആദ്യ സീസണിലെ ടീമുകള്‍. വേള്‍ഡ് ജയന്റ്‌സായിരുന്നു ആദ്യ സീസണിലെ ചാമ്പ്യന്‍മാര്‍.

Content Highlight:  Sreesanth confirms participation in Legends League Cricket Season 2

We use cookies to give you the best possible experience. Learn more