ശ്രീശാന്ത് തിരിച്ചെത്തുന്നു
Cricket
ശ്രീശാന്ത് തിരിച്ചെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd November 2020, 4:59 pm

കൊച്ചി: മലയാളിയായ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ വിലക്ക് അവസാനിച്ച ശ്രീ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലാണ് കളിക്കാനൊരുങ്ങുന്നത്.

ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കും.

ഡിസംബര്‍ ആദ്യ ആഴ്ച തന്നെ ടൂര്‍ണ്ണമെന്റ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രീം ഇലവന്റെ പിന്തുണയുള്ള ടൂര്‍ണമെന്റാണ് ഇത്.

ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് പറഞ്ഞു.

2013 ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ബി.സി.സി.ഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല.

ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 2020ല്‍ വാദത്തിനിടെ ബി.സി.സി.ഐയോട് വിലക്ക് കാലാവധി പുനഃപരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

തുടര്‍ന്ന് ബി.സി.സി.ഐ ഓമ്പുഡ്സ്മാന്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി. സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

ടിനു യോഹന്നാന് ശേഷം ദേശീയ ടീമില്‍ ഇടം നേടിയ മലയാളിയാണ് ശ്രീശാന്ത്. കിരീടം നേടിയ ഇന്ത്യയുടെ 2007 ടി-20 ലോകകപ്പ് ടീമിലും 2011 ഏകദിന ലോകകപ്പ് ടീമിലും കളിച്ചിട്ടുണ്ട്.

2005 ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം. 2006 ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി-20 യിലും അരങ്ങേറി.

27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: S Sreesanth Cricket IPL 2020