| Friday, 20th October 2017, 9:20 pm

ശ്രീശാന്തിനു ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ല; നിലപാട് കടുപ്പിച്ച് ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ. താരത്തിനു നിയമപരമായി അതിന് അനുവാദമില്ലെന്ന് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് പറഞ്ഞത്. കഴിഞ്ഞദിവസമായിരുന്നു ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിക്കാനാകില്ലെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നത്.


Also Read: എന്നെയും വിന്‍സെന്റിനെയും സസ്‌പെന്‍ഡ് ചെയ്തത് പോലെ സോളാറില്‍ നടപടിയില്ലാത്തതെന്ത് കൊണ്ട്; ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍


ഈ പ്രസ്താവനയോട് പ്രതികരിക്കവേയാണ് അമിതാഭ് ചൗധരി താരത്തിനു അതിനു കഴിയില്ലെന്ന് വ്യക്തമാക്കിയത്. ബി.സി.സി.ഐ വിലക്ക് നേരിടുമ്പോള്‍ ഐ.സി.സി അംഗീകരിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാന്‍ താരത്തിനു അനുവാദമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുമെന്ന ശ്രീശാന്തിന്റെ അവകാശവാദം നടക്കില്ല. ബി.സി.സി.ഐ. വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ല. നിയമപരമായാണ് ബി.സി.സി.ഐ ഈ പ്രശ്നത്തെ കാണേണ്ടത്” ചൗധരി പറഞ്ഞു.

കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിലക്ക് തുടരാനാണ് ബി.സി.സി.ഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും തയ്യാറാണെന്ന് താരം പറഞ്ഞത്. ബി.സി.സി.ഐക്ക് മുകളിലാണ് ഐ.സി.സിയെന്നും പറഞ്ഞു. ബി.സി.സി.ഐയുടെ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും വിജയം വരെ പോരാടാനാണ് തന്റെ തീരുമാനമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.


Dont Miss: താജ്മഹല്‍ നിര്‍ഭാഗ്യകരമായ ഖബറിടമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്


നേരത്തെ ഐ.പി.എല്ലിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് താരത്തിനേര്‍പ്പെടുത്തിയ വിലക്ക് സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. എന്നാല്‍ കോടതിവിധിക്കെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചയാകുന്നത്.

We use cookies to give you the best possible experience. Learn more