| Thursday, 11th April 2019, 12:46 pm

വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാകും; രാഹുല്‍ വയനാട്ടില്‍ വഴിമാറി വന്ന സ്ഥാനാര്‍ത്ഥി: ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2019 ലെ പൊതു തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണെന്ന് ക്രിക്കറ് താരം ശ്രീശാന്ത്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീശാന്ത് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി

വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. വയനാട് കൂടാതെ രാഹുല്‍ അമേഠിയിലും മത്സരിക്കുന്നുണ്ട്. ഇന്നലെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പമെത്തിയിരുന്നു.

എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഇപ്പോഴും തടങ്കലിലാണെന്നും അതുകൊണ്ടാണ് കുടുംബത്തിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയതെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശം.

ഐ.പി.എല്‍ കോഴക്കേസില്‍ ബി.സി.സിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസമായിരുന്നു സുപ്രീം കോടതി റദ്ദാക്കിയത്. രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന ശ്രീശാന്ത് 2013-ലെ ഐ.പി.എല്‍. മത്സരത്തില്‍ പണംവാങ്ങി ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാനാവാതായി.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more