ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് അപാരമാണെന്നും ഒരേ സമയം രണ്ട് പ്രോപ്പര്‍ ടീമിനെ ലോകകപ്പിന് അയക്കാന്‍ സാധിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. മികച്ച ക്രിക്കറ്റ് കളിക്കാന്‍ പോന്നവരാണ് ഈ രണ്ട് ടീമെന്നും ലോകത്തിലെ ഏത് ടീമിനെയും തോല്‍പിക്കാന്‍ പോന്നവരാണെന്നും ശ്രീശാന്ത് പറഞ്ഞു.
ഐ.സി.സി ലോകകപ്പില്‍ 15 താരങ്ങളെ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഇതിനാല്‍ കഴിവുറ്റ പല താരങ്ങള്‍ക്കും പുറത്തുപോകേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് തോന്നുന്നത് രണ്ട് ഇന്ത്യന്‍ ടീമിനെ ലോകകപ്പ് കളിക്കാന്‍ അനുവദിക്കണം. ഇവര്‍ രണ്ട് പേരും ഫൈനല്‍ കളിക്കുകയും ഇന്ത്യ തന്നെ ജയിക്കുകയും ചെയ്യും (ചിരിക്കുന്നു). ദൈവം സഹായിച്ച് ഇന്ത്യയില്‍ ടാലന്റഡായ നിരവധി താരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ടൂര്‍ണമെന്റായ ഐ.പി.എല്ലും നമ്മുടേതാണ്.
ടി-20 ലോകകപ്പെടുക്കാനും 50 ഓവര്‍ ലോകകപ്പെടുക്കാനും പോന്ന രണ്ട് പ്രോപ്പര്‍ ടീം എല്ലായ്‌പ്പോഴും നമുക്കൊപ്പമുണ്ട്. ഏറ്റവും മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കാനും ലോകത്തിലെ ഏത് ടീമിനെ പോലും തോല്‍പിക്കാനും സാധിക്കുന്നതാണ് ഈ ടീമുകള്‍. ഇക്കാരണംകൊണ്ടുതന്നെ അവരെ ബാക്കപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നാണ് ഞാന്‍ കരുതുന്നത്.
പക്ഷേ ഐ.സി.സിയുടെ നിയമം നമ്മള്‍ പാലിക്കുകയും വേണം. ഇതാണ് (ക്രിക്കറ്റ് ലോകകപ്പിനെ) കൂടുതല്‍ ഇന്ററസ്റ്റിങ്ങാക്കുന്നത്. അതെ, പല താരങ്ങളും സ്‌ക്വാഡില്‍ നിന്നും പുറത്തായിരിക്കുകയാണ്. ടീമിലെടുക്കുകയും എന്നാല്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിനേക്കാള്‍ നെഗറ്റീവായ കാര്യം. 15 പേരാണ് സ്‌ക്വാഡില്‍ ഉള്ളത്, ഇതില്‍ നാല് താരങ്ങളെ പുറത്തിരുത്തിയാണ് ഒരു മാച്ച് കളിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം.
ഇപ്പോള്‍ സൂപ്പര്‍ സബ്ബും ഇംപാക്ട് പ്ലെയറുമായി നിരവധി നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
ടീമിന്റെ സാഹചര്യമനുസരിച്ച് 13 പേര്‍ക്കോ 14 പേര്‍ക്കോ ഒരുപക്ഷേ 15 പേര്‍ക്കോ ലോകകപ്പ് കളിക്കാന്‍ സാധിക്കും. അതുകൊണ്ട് ആ നിയമത്തെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്.
ഫുട്‌ബോളിലായാലും എന്‍.എഫ്.എല്ലിലായാലും ഒരുപാട് താരങ്ങളെ റിസര്‍വില്‍ വെക്കാന്‍ സാധിക്കും. എന്നാല്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്താല്‍ മാത്രമേ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. അവര്‍ക്ക് നിങ്ങളോട് നോ പറയാന്‍ സാധിക്കാത്ത രീതിയില്‍ നിങ്ങള്‍ മിടുക്കരാകണം. അത് ഇന്ത്യന്‍ ടീമിനെ ഏറെ സഹായകരമാകും.
ഏറ്റവും മികച്ച 11 താരങ്ങളും, സാഹചര്യങ്ങള്‍ക്കനുസരിച്ച് റീപ്ലേസ് ചെയ്യാന്‍ സാധിക്കുന്ന മികച്ച മറ്റ് നാല് താരങ്ങളുമാണ് സ്‌ക്വാഡിലുള്ളത്. 15 അംഗ സ്‌ക്വാഡ് ഐ.സി.സി ലോകകപ്പിന് പെര്‍ഫെക്ടാണെന്നാണ് ഞാന്‍ കരുതുന്നത്,’ ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Content Highlight: Sreesanth about world cup squad