| Thursday, 21st September 2023, 6:50 pm

മലയാളികള്‍ പറയുന്നു അവന് അവസരം ലഭിക്കുന്നില്ലെന്ന്; 10 വര്‍ഷമായി ഐ.പി.എല്‍ കളിക്കുന്നില്ലേ: ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല എന്ന പറയാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്ത്. കഴിഞ്ഞ പത്ത് വര്‍ഷമായി താരം ഐ.പി.എല്‍ കളിക്കുന്നുണ്ടെന്നും സഞ്ജുവിന്റെ ബാറ്റിങ്ങില്‍ സ്ഥിരതയില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് സ്‌ക്വാഡില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഈ പരമ്പരയില്‍ മാത്രമല്ല ഏഷ്യാ കപ്പിനോ ഏഷ്യന്‍ ഗെയിംസിനോ ലോകകപ്പിനോ സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.

സഞ്ജുവിനേക്കാള്‍ വളരെ മോശം ഏകദിന സ്റ്റാറ്റ്‌സുള്ള സൂര്യകുമാര്‍ യാദവിനും എക്‌സ്പീരിയന്‍സ് കുറഞ്ഞ തിലക് വര്‍മക്കും ടീമില്‍ ഇടം ലഭിക്കുമ്പോഴാണ് സഞ്ജു ടീമിന് പുറത്താകുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ബി.സി.സി.ഐ ഫേവററ്റിസം കാണിക്കുകയാണെന്നും അര്‍ഹതയുള്ള താരങ്ങളെ ഒഴിവാക്കുകയുമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് 2011 ലോകകപ്പ് നേടിയ ടീമിലെ സാന്നിധ്യമായ ശ്രീശാന്ത് ഇക്കാര്യം പറയുന്നത്.

‘അവനെ പിന്തുണയ്ക്കുന്ന ഞാനടക്കമുള്ള മലയാളികളെല്ലാം പറയുന്നത് അവന് അവസരം ലഭിക്കാറില്ല എന്നാണ്, എന്നാല്‍ അങ്ങനെ ഒരിക്കലും പറായന്‍ സാധിക്കില്ല. അയര്‍ലന്‍ഡിനെതിരെയും ശ്രീലങ്കക്കെതിരെയും അവന് അവസരം ലഭിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി അവന്‍ ഐ.പി.എല്‍ കളിക്കുന്നുണ്ട്. അവന്‍ 2013 മുതല്‍ ഐ.പി.എല്‍ കളിക്കുന്നവനാണ്. അവന്‍ ക്യാപ്റ്റനുമാണ്. പക്ഷേ മൂന്ന് സെഞ്ച്വറി മാത്രമാണ് ഇതുവരെ നേടിയത്. അവന്‍ ബാറ്റിങ്ങില്‍ ഒരിക്കലും സ്ഥിരത പുലര്‍ത്തിയിരുന്നില്ല,’ ശ്രീശാന്ത് പറഞ്ഞു.

സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ ശരിയായ തീരുമാനമാണ് സെലക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

‘എനിക്ക് തോന്നുന്നത് അത് ശരിയായ തീരുമാനമാണെന്നാണ്. കാരണം സ്വയം മനസിലാക്കുക എന്നത് ഒരു താരത്തിനുണ്ടാകേണ്ട പ്രധാന ഘടകമാണ്. (സുനില്‍) ഗവാസ്‌കര്‍ സാറും ഹര്‍ഷ ഭോഗ്ലെ സാറും രവി ശാസ്ത്രി സാറും അടക്കമുള്ളവര്‍ സഞ്ജുവിന്റെ കഴിവിനെ അംഗീകരിച്ചവരാണ്.

സഞ്ജുവിന്റെ കഴിവിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവന്റെ സമീപനം… പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കുവാന്‍ വേണ്ടി ആരെങ്കിലും പറഞ്ഞാല്‍ അവനത് കേള്‍ക്കാറില്ല. ആ ആറ്റിറ്റിയൂഡ് അവന്‍ മാറ്റിയെടുക്കണം,’ ശ്രീശാന്ത് പറഞ്ഞു.

‘അവനെ കാണുമ്പോഴെല്ലാം തന്നെ അവനോട് ഞാന്‍ ഒരു കാര്യം മാത്രമാണ് പറയാറുള്ളത്. സഞ്ജു, പിച്ചിന്റെ സ്വഭാവം ശരിക്ക് മനസിലാക്കണം. അല്‍പം കാത്തിരിക്കൂ, എല്ലാ ബൗളറേയും ആക്രമിച്ചുകളിക്കേണ്ടതില്ല. ചിന്തിക്ക്. നിനക്ക് ഏത് ബൗളറെയും എപ്പോഴും എവിടേക്ക് വേണമെങ്കിലും അടിച്ചുപറത്താം, ആ അവസരത്തിനായി കാത്തിരിക്കണം,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Content highlight: Sreesanth About Sanju Samson

We use cookies to give you the best possible experience. Learn more