Sports News
ആളുകളുടെ സിമ്പതി പിടിച്ചുപറ്റാന്‍ എളുപ്പമാണ്, എന്നാല്‍ അഭിനന്ദനം നേടാന്‍ പാടുപെടണം; സഞ്ജുവിനെ വിടാതെ ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 23, 09:47 am
Saturday, 23rd September 2023, 3:17 pm

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ സെലക്ടര്‍മാരുടെ തീരുമാനം ശരിവെച്ച ശ്രീശാന്തിന്റെ വാക്കുകളെ വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുന്‍ പേസര്‍ സഞ്ജുവിനെ വിമര്‍ശിച്ചും സെലക്ടര്‍മാരെ പിന്തുണച്ചും രംഗത്തെത്തിയത്.

അതേ അഭിമുഖത്തിലെ സഞ്ജുവിനെ കുറിച്ചുള്ള ശ്രീശാന്തിന്റെ മറ്റു പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

 

‘ഞാന്‍ പറയട്ടെ, സമയം ആരെയും കാത്തുനില്‍ക്കാറില്ല. എല്ലാവരും സമയത്തെ കുറിച്ചാണ് സംസാരിക്കുന്നത്, ഇതേ കാര്യം തന്നെയാണ് ഞാന്‍ സഞ്ജു സാംസണോടും പറയാറുള്ളത്.

നിരവധി മികച്ച താരങ്ങള്‍ ടീമിലേക്ക് വരികയാണ്. ഏഷ്യന്‍ ഗെയിംസിന് പോലും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ പോകുന്നുണ്ട് (ജിതേഷ് ശര്‍മയും പ്രഭ്‌സിമ്രാന്‍ സിങ്ങും). എല്ലാവരും നിന്നെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുക. സിമ്പതി നേടാന്‍ എളുപ്പമാണ്. എന്നാല്‍ അഭിനന്ദനം അങ്ങനെയല്ല, അതിന് ഏറെ കഷ്ടപ്പെടണം,’ ശ്രീശാന്ത് പറഞ്ഞു.

സഞ്ജു റിഷബ് പന്തിനെ കണ്ടു പഠിക്കണെന്നും കേരള ടീമിന് വേണ്ടി കൂടുതല്‍ ട്രോഫികള്‍ നേടിക്കൊടുക്കണമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ് ബാറ്റിങ്ങില്‍ ഒട്ടും സ്ഥിരതയില്ലെന്നും പത്ത് വര്‍ഷം ഐ.പി.എല്‍ കളിച്ചിട്ടും മൂന്ന് സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചതെന്നും അഭമുഖത്തില്‍ ശ്രീശാന്ത് വിമര്‍ശനുമുന്നയിച്ചിരുന്നു.

‘അവനെ പിന്തുണയ്ക്കുന്ന ഞാനടക്കമുള്ള മലയാളികളെല്ലാം പറയുന്നത് അവന് അവസരം ലഭിക്കാറില്ല എന്നാണ്, എന്നാല്‍ അങ്ങനെ ഒരിക്കലും പറയാന്‍ സാധിക്കില്ല. അയര്‍ലന്‍ഡിനെതിരെയും ശ്രീലങ്കക്കെതിരെയും അവന് അവസരം ലഭിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി അവന്‍ ഐ.പി.എല്‍ കളിക്കുന്നുണ്ട്. അവന്‍ 2013 മുതല്‍ ഐ.പി.എല്‍ കളിക്കുന്നവനാണ്. അവന്‍ ക്യാപ്റ്റനുമാണ്. പക്ഷേ മൂന്ന് സെഞ്ച്വറി മാത്രമാണ് ഇതുവരെ നേടിയത്. അവന്‍ ബാറ്റിങ്ങില്‍ ഒരിക്കലും സ്ഥിരത പുലര്‍ത്തിയിരുന്നില്ല,’ ശ്രീശാന്ത് പറഞ്ഞു.

 

 

സഞ്ജു സ്റ്റേറ്റ് ടീമിനും ഐ.പി.എല്ലിലും സ്ഥിരതയോടെ ബാറ്റ് വീശാന്‍ ആരംഭിച്ചാല്‍ അവന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും അവനെ അഭിനന്ദിക്കുമെന്നും 2011 ലോകകപ്പ് ടീമിലെ അംഗം കൂടിയായ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Sreesanth about Sanju Samson