Entertainment news
'എന്റെ അമ്മയുടെ പേരിലാകും ഞാന്‍ അറിയപ്പെടുക, ഭാവിയില്‍ എന്റെ പേരില്‍ അമ്മ അറിയപ്പെടണമെന്നാണ് ആഗ്രഹം'
സിനിമയിലേക്ക് ആദ്യം വരുമ്പോള്‍ അമ്മയുടെ (കല്‍പന) പേരിലാകും താന്‍ അറിയപ്പെടുകയെന്ന് ശ്രീസംഖ്യ. എന്നാല്‍ ഭാവിയില്‍ അമ്മ തന്റെ പേരില്‍ അറിയപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്യ സിനിമ തന്നെ വലിയ ആക്ടേഴ്‌സിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീസംഖ്യ.
‘ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അമ്മയുടെ പേരിലാകും ആദ്യം അറിയപ്പെടുക. കല്‍പനയുടെ മകളാണ്, അല്ലെങ്കില്‍ കലാരഞ്ജിനിയുടെ മകളാണ്, ഉര്‍വശിയുടെ മകളാണ് എന്ന പേര് എനിക്കുണ്ടാകും. പക്ഷെ ഒരു നിലയുറപ്പിച്ച് കഴിഞ്ഞ് ഭാവിയില്‍ അവര്‍ എന്റെ അമ്മമാരാണെന്ന നിലയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ തുടക്കത്തില്‍ ഞാനവരുടെ പേരിലേ അറിയപ്പെടുകയുള്ളൂ, അത് എപ്പോഴും അങ്ങനെയായിരിക്കും. ഇനി ഭാവിയില്‍ ശ്രീസംഖ്യയുടെ അമ്മമാരാണ് ഇവരെന്ന രീതിയില്‍ അറിപ്പെടണം, അത്രയും പ്രൗഡാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
ആദ്യ സിനിമയില്‍ തന്നെ വലിയ ആക്ടേഴ്‌സിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഉര്‍വശി എന്റെ ചെറിയമ്മയാണെന്ന് മാറ്റി നിര്‍ത്തിയാല്‍ വലിയ കലാകാരി തന്നെയാണ്. വലിയ വലിയ ആക്ടേഴ്‌സൊക്ക പൊടിയമ്മയെ (ഉര്‍വശി) കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ മോളാണെന്ന രീതിയിലല്ല ആ സമയത്ത് കാണുന്നത്, മറ്റൊരു ആക്ടര്‍ ആണെന്ന രീതിയിലേ കാണുകയുള്ളൂ. അപ്പോള്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ ഓണ്‍ സ്‌ക്രീനില്‍ അത്രയും വലിയ കലാകാരിയുടെ കൂടെ എങ്ങനെ അഭിനയിക്കുമെന്ന പേടിയും ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ ഈസിയായി നടന്നു. പൊടിയമ്മയുടെ കൂടെ തന്നെ എനിക്ക് അഭിനയിക്കാനും പറ്റി,’ ശ്രീസംഖ്യ പറഞ്ഞു.
ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ചെയ്യുമ്പോള്‍ ഉര്‍വശിയുടെ മുന്നില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നുണ്ടായിരുന്നെന്നും ഷൂട്ടിനിടെ തെറ്റ് സംഭവിക്കുമ്പോള്‍ ഉര്‍വശി പറഞ്ഞുതരുമായിരുന്നെന്നും ശ്രീസംഖ്യ പറഞ്ഞു.
‘പൊടിയമ്മയുടെ മുന്നില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ആ സമത്ത് ഞാന്‍ വിചാരിക്കുന്ന പോലെ ഒന്നുമല്ല നടന്നത്. എനിക്ക് ചെറിയ തെറ്റ് പറ്റിയപ്പോള്‍ പൊടിയമ്മ പറഞ്ഞുതന്നു, മക്കളേ ഇങ്ങനെ ചെയ്യണമെന്ന്. പിന്നെ അതിന്റെ കൂടെ കാര്‍ത്തു,(കലാരഞ്ജിനി ) എന്റെ വല്യമ്മ എല്ലാം പറഞ്ഞുതരും. എനിക്ക് മിനുവിന്റെ (കല്‍പന) സ്പിരിറ്റിലെ ക്യാരക്ടര്‍ എനിക്ക് നല്ല ഇഷ്ടമാണ്. ആ പടത്തിലെ സിരീയസ് ആയിട്ടുള്ള റോളെനിക്ക് നല്ല ഇഷ്ടമാണ്. പിന്നെ കാര്‍ത്തുവിന്റെ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കത്തിലെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ ചെയ്യുന്ന ക്യാരക്ടേഴ്‌സ് പോലെയല്ല അപ്പോഴത്തെ കാര്‍ത്തുവിന്റെ ക്യാരക്ടേഴ്‌സ്. ഭയങ്കര വ്യത്യസ്തമായിരുന്നു. പൊടിയമ്മയുടെ ഭരതത്തിലൊക്കെയുള്ള സീരിയസ് ക്യാരക്ടറാണ് എനിക്കിഷ്ടം,’ ശ്രീസംഖ്യ പറഞ്ഞു.
Content Highlights: sreesankhya share her first movie experience