തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് വ്യക്തിബന്ധമുണ്ടെന്ന എ.എന്‍ രാധാകൃഷ്ണന്റെ ആരോപണത്തിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.
2019 ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ വെച്ച് സ്വപ്‌ന സുരേഷ് തന്നെ വന്ന് കണ്ടുവെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇത് അവാസ്തവമായ അപവാദ പ്രചരണമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു.
ആ ദിവസങ്ങളില്‍ കൊച്ചിയില്‍ പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷണന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് എ.എന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീച പ്രവൃത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
നെടുമങ്ങാട് പുകരഹിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് സംരഭം ഉദ്ഘാടനം ചെയ്തിരുന്നു. ഏഴ് മാസം മുമ്പാണത്. അക്കാലത്ത് യാതൊരു വിവാദങ്ങളോ സംശയങ്ങളോ ഉണ്ടായിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
2020 ജൂലായ് മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 7 മാസം മുന്‍പ് ഇത്തരം ഒരു സംഭവം ഉണ്ടാകുമെന്ന് മുന്‍കൂര്‍ അറിയണമായിരുന്നു എന്ന് പറയുന്നതില്‍ എന്ത് സാമാന്യ യുക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ചിലമാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്നു സ്വപ്ന സുരേഷ്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക