Kerala News
'ഇതെല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത് മുഖ്യമന്ത്രിയാണ്'; ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പിണറായി വിജയനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍: സത്യാവസ്ഥ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 21, 11:33 am
Tuesday, 21st July 2020, 5:03 pm

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ വീഡിയോ പുറത്ത്. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ വിനു വി ജോണിന് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് എതിരെ അദ്ദേഹത്തിന്റെ വിമര്‍ശനം. ‘സ്പീക്കര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സോളാര്‍ കേസുമായി നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പി ശ്രീരാമകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പിണറായി വിജയനെതിരെ എന്ന രീതിയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ എം.എല്‍.എ ആയിരുന്ന ശ്രീരാമകൃഷ്ണന്‍ പങ്കെടുത്ത എഷ്യാനെറ്റിലെ ചര്‍ച്ചയാണ് ഈ വീഡിയോ. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. അതില്‍ ശ്രീരാമകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.

ഈ കേസ് എങ്ങനെ കേരളസര്‍ക്കാരിന് ബാധ്യതയാകും? എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും? എന്നാണ് ആഭ്യന്തരമന്ത്രി ചോദിക്കുന്നത് -ഇതായിരുന്നു ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണിന്റെ ചോദ്യം.

‘ആഭ്യന്തരമന്ത്രി അങ്ങനെ ചോദിക്കുന്നത് വേറേ നിവൃത്തിയില്ലാഞ്ഞിട്ട് ചോദിക്കുകയാണ്. എന്ത് സംഭവിച്ചാലും തങ്ങളെ ബാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഒരു ലജ്ജയും കുടാതെ എടുക്കാന്‍ കഴിയുന്ന സമീപനമാണിത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്ന അഴിമതികേസുകളില്‍ ഒന്ന് മാത്രമാണിത്. ഇതിനെല്ലാം സഹായകമായ കോര്‍ഡിനേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയാണ്’- ഇതായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി.

എന്നാല്‍ ഇത് സോളാര്‍ വിവാദ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച് വിമര്‍ശനങ്ങളാണെന്നും പഴയ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞതായി ഫാക്ട് ക്രസന്റോ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി ഇന്നത്തെ വിവാദങ്ങള്‍ കൂടി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം.