തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്.
കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ആണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. എത്തിക്സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടുമെന്നാണ് സൂചന.
രഹസ്യമായി സൂക്ഷിക്കേണ്ട സി.എ.ജി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വയ്ക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇത് ചെയ്യാതെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാതെ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നും ഇതില്‍ അന്വേഷണം വേണമെന്നുമായിരുന്നു അവകാശ ലംഘന നോട്ടീസില്‍ വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടിയത്.
താന്‍ സ്പീക്കര്‍ക്ക് കൊടുത്ത പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതെന്നും സ്പീക്കര്‍ക്ക് പോലും നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ശേഷം മാത്രമേ നിയമസഭയ്ക്ക് മുന്‍പില്‍ ഇത് വെക്കാവൂ, അപ്പോള്‍ മാത്രമേ ഇത് പബ്ലിക് ഡോക്യുമെന്റ് ആവുകയുള്ളൂ. അതുവരെ സീക്രട്ട് ഡോക്യുമെന്റാണ്.
സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍വെക്കണമെന്നത് ഭരണഘടനയില്‍ പറയുന്നതാണ്. എന്നാല്‍ മന്ത്രി അത് ലംഘിച്ചു. ഔദ്യോഗിക രഹസ്യ നിയമം അദ്ദേഹം ലംഘിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയത്. രഹസ്യമായി സൂക്ഷിക്കേണ്ട ഒന്ന് പരസ്യമായി പത്രസമ്മേളനം നടത്തി പറയുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്ത് കൊല്ലമായി അദ്ദേഹം ധനകാര്യമന്ത്രിയായിട്ടുണ്ട്. ഏത് രാഷ്ട്രീയക്കാരനേക്കാളും ഇതിനെ കുറിച്ച് അദ്ദേഹത്തിന് അറിയാം. ഇത് ഒരിക്കലും അബദ്ധമല്ല. ഇത് മനപൂര്‍വ്വം ചെയ്തതാണ്. അദ്ദേഹത്തിന്റെ കൗശലമായിരുന്നു ഇതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ശ്രീരാമകൃഷണന് മുന്‍പാകെ വിശദീകണം നല്‍കിയിരുന്നു. സ്പീക്കര്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാമെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sreeramakrishnan Send Complaint Against Thomas Isaac to Ethics Commettee