മലപ്പുറം: നിയമസഭയില്‍ ഇടക്കിടെ ഉള്ള “സര്‍” വിളി വേണ്ടെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ സ്പീക്കറെ “സര്‍” എന്ന് അഭിസംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ല. അങ്ങനെ വിളിക്കാത്ത അംഗങ്ങളും സഭയില്‍ ഉണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഇടക്കിടെ സര്‍ സര്‍ എന്ന് വിളിച്ചാല്‍ മാത്രം നിയമസഭാ പ്രസംഗം തുടരാന്‍ സാധിക്കുന്നവരുണ്ട്. ബഹുമാനപ്പെട്ട സ്പീക്കര്‍ എന്ന് വിളിക്കുന്ന ജനപ്രതിനിധികളും സഭയിലുണ്ട്. സര്‍ എന്ന് പദത്തിന് ബദലായി ഒരു മലയാള പദം കണ്ടെത്തിയാല്‍ അതുപയോഗിക്കുന്ന കാര്യവും ആലോചിക്കാം, സ്പീക്കര്‍ പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും അതിരുകള്‍ ലംഘിച്ച് പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് സ്പീക്കറോട് കാര്യങ്ങള്‍ പറയുന്ന രീതി അവലംബിക്കുന്നത്. സ്പീക്കറോട് പറയുന്നതിന് പകരം നേരിട്ട് ഏറ്റുമുട്ടല്‍ ആരംഭിച്ചാല്‍ പലപ്പോഴും അത് കയ്യാങ്കളിയിലേക്ക് പോകും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സഭയില്‍ സര്‍ വിളി ഒഴിവാക്കണം എന്ന് ശ്രീരാമകൃഷ്ണന്‍ മുമ്പും അഭിപ്രായപ്പെട്ടിരുന്നു.