| Thursday, 13th August 2015, 10:55 am

യുധിഷ്ഠിരന് പിന്നാലെ ശ്രീരാമനും ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചെന്ന യോഗ്യത മാത്രം കണക്കിലെടുത്ത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ലഭിച്ച ഗജേന്ദ്ര ചൗഹാന്‍ വിവാദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ മറ്റൊരു പുരാണ സീരിയല്‍ കഥാപാത്രം കൂടി ബി.ജെ.പിയിലേക്ക് കാലെടുത്തുവെക്കുന്നു. രാമായണം സീരിയില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവലാണ് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹി പ്രകടിപ്പിച്ചിരിക്കുന്നത്.

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി അരുണ്‍ ഗോവലിവനും പാര്‍ട്ടിയില്‍ അംഗത്വം നല്‍കി പ്രചരണത്തിന് ഇറക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൂരദര്‍ശന്റെ കിസാന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തുവരുന്ന “ധര്‍ത്തി കീ ഗോദ് മേ” എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയാണ് അരുണ്‍ ഗോവില്‍. പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടിയില്‍ നിന്നും വാഗ്ദാനങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്നും ഗോവല്‍ പറയുന്നു.

ദൂരദര്‍ശന്റെ ആരംഭകാലഘട്ടത്തില്‍ രാജ്യവ്യാപകമായി ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പരകളാണ് രാമായണവും മഹാഭാരതവും. ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെ ഏറെ ആരാധനയോടെയാണ് രാജ്യത്തെ സാധാരണക്കാരായ വലിയൊരുവിഭാഗം ജനങ്ങള്‍ അക്കാലത്ത് കണ്ടിരുന്നത്. ഈ നടീനടന്‍മാര്‍ക്ക് സാധാരണ ജനങ്ങളുടെയിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥാനം വോട്ടാക്കി മാറ്റാനാണ്  ബി.ജെ.പി ശ്രമിക്കുന്നത്.

സ്വന്തമായി നിര്‍മ്മിക്കുന്ന പുതിയ പരമ്പരയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അരുണ്‍ഗോവിലിനെ പ്രേരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പര തന്നെ കര്‍ഷകരുമായി ഏറെ അടുപ്പിച്ചുവെന്നും അതിലൂടെ അവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും  ഇടനിലക്കാരും പഞ്ചായത്തുകളിലെ അഴിമതിയുമാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളെന്നും ഗോവില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more