തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന പുതിയ വാദവുമായി ഡോക്ടര്‍മാര്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.
Retrograde amnesia
”Retrograde amnesia is a loss of memory-access to events that occurred, or information that was learned, before an injury or the onset of a disease”
അപകടം നടന്ന മൂന്നാം തിയതി ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജില്‍ എത്താതെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
എം.ബി.ബി.എസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറച്ച് കേസ് ദുര്‍ബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയതും. ജാമ്യം നല്‍കിയെങ്കിലും നടപടി ക്രമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
കിംസ് ആശുപത്രിയില്‍ അഡ്മിറ്റായി ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്തസാമ്പിളുകള്‍ പൊലീസ് എടുത്തത്.
സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് കിംസ് ആശുപത്രി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി മൊഴിയെടുക്കുകയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
എന്നാല്‍ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് സര്‍ജിക്കല്‍ ഐ.സി.യുവിലേക്കും ട്രോമ ഐ.സി.യുവിലേക്കും മാറ്റി.
ശ്രീറാം വെങ്കിട്ടരാമന് ആന്തരിക പരിക്കുകള്‍ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ട്രോമാ ഐ.സി.യുവില്‍ നിന്ന് നിലവില്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോള്‍ മാറ്റിയിട്ടുള്ളത്. മെഡിക്കല്‍ സൗകര്യങ്ങളുപയോഗിച്ച് കേസിനെ അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന് മറവിരോഗം കൂടി പിടിപ്പെട്ടെന്ന വാദവുമായി ഡോക്ടമാര്‍ രംഗത്തെത്തിയത്.